അയോധ്യയില്‍ മോദിയുടെ റോഡ് ഷോ; ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
ലഖ്‌നൗ: പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാണ് ഇനി ഇത് അറിയപ്പെടുക. ഇത് കൂടാതെ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് അടക്കം മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. അയോധ്യയിലെത്തിയ നരേന്ദ്ര മോദിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.
ജനുവരി 22 ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് മോദിയുടെ അയോധ്യ സന്ദര്‍ശനം. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളമായ അയോധ്യ ധാം വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മോദി ഇന്ന് നിര്‍വഹിക്കും. ഒരു മണിക്ക് പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മോദി സംസ്ഥാനത്ത് 15,000 കോടിയിലധികം ചെലവ് വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടും.

അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിന് ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട് ഏകദേശം 4,600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. 240 കോടി രൂപ ചെലവിട്ടാണ് അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിച്ചത്.
മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക്‌റൂമുകള്‍, ചൈല്‍ഡ് കെയര്‍ റൂമുകള്‍, വെയിറ്റിംഗ് ഹാളുകള്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. സ്റ്റേഷന്‍ കെട്ടിടം എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്നതു ഐജിബിസി സാക്ഷ്യപ്പെടുത്തിയ ഹരിത സ്റ്റേഷന്‍ കെട്ടിടവും ആയിരിക്കും എന്ന് മോദി പറഞ്ഞു.
നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് അമൃത് ഭാരത്, ആറ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ എന്നിവയാണ് മോദി ഫ്‌ലാഗ് ഓഫ് ചെയ്തത്. അമൃത് ഭാരത് എക്സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകളുടെ ഒരു പുതിയ വിഭാഗമാണ്, എല്‍എച്ച്ബി പുഷ്-പുള്‍ ഫീച്ചര്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ട്രെയിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകളോടെയാണ് വരുന്നത്.
ഈ ട്രെയിനിന് രണ്ടറ്റത്തും ലോക്കോകളുണ്ട്. മനോഹരമായി രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, മികച്ച ലഗേജ് റാക്കുകള്‍, അനുയോജ്യമായ മൊബൈല്‍ ഹോള്‍ഡറുകളുള്ള മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അമൃത് ഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ദര്‍ഭംഗ-അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് എക്സ്പ്രസ്, മാള്‍ഡ ടൗണ്‍-സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്സ്പ്രസ് എന്നിങ്ങനെയാണ് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍.
ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ്, അമൃത്സര്‍-ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്, കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ കാന്റ് വന്ദേ ഭാരത് എക്‌സ്പ്രസ്, മംഗലാപുരം-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ്, ജല്‍ന-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, അയോധ്യ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് വന്ദേഭാരത് എക്‌സ്പ്രസുകള്‍. മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 2,300 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.












Click it and Unblock the Notifications