'ഒരേ വികാരത്തില്‍ 66 കോടി ജനങ്ങള്‍, ലോകം അത്ഭുതപ്പെടുന്നു': മഹാ കുംഭമേളയുടെ വിജയത്തില്‍ പ്രധാനമന്ത്രി മോദി
ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഇന്നലെ സമാപിച്ച മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഐക്യത്തിന്റെ 'മഹായജ്ഞം അവസാനിച്ചു' എന്നാണ് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയുടെ സമാപനത്തെക്കുറിച്ച് നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചത്. ഈ മഹത്തായ പരിപാടി സംഘടിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് മുക്തി നേടിയ ഒരു രാഷ്ട്രം സ്വതന്ത്രമായി ശ്വസിക്കുന്നതിനെയാണ് ഈ ഒത്തുചേരല്‍ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക എളുപ്പമല്ലായിരുന്നുവെന്ന് എനിക്കറിയാം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍, ദയവായി ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാന്‍ മാ ഗംഗ, യമുന, സരസ്വതി ദേവിമാരോട് പ്രാര്‍ത്ഥിക്കുന്നു. ദൈവമായി കരുതുന്ന ഭക്തരെ സേവിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു' - അദ്ദേഹം എക്‌സില്‍ കുറിച്ചു.

'കഴിഞ്ഞ 45 ദിവസമായി രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ സംഗമ തീരത്തേക്ക് ഒഴുകുന്നത് ഞാന്‍ കണ്ടു. സംഗമത്തില്‍ സ്‌നാനം ചെയ്യാനുള്ള ആവേശം വര്‍ധിച്ചുകൊണ്ടിരുന്നു. എല്ലാ ഭക്തരും ആത്മീയമായ ഒരേ മാനസികാവസ്ഥയിലായിരുന്നു - അത് പുണ്യ സ്‌നാനത്തിനു വേണ്ടിയുള്ളതായിരുന്നു'.
ഫെബ്രുവരി അഞ്ചിനാണ് ത്രിവേണി സംഗമത്തില്‍ പ്രധാനമന്ത്രി മോദി പുണ്യസ്‌നാനം നടത്തിയത്. ആധുനിക മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്ക് മഹാ കുംഭമേള പുതിയ പഠന വിഷയമായി മാറിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
'ലോകത്ത് മറ്റൊരു പരിപാടിയുമായും മഹാകുംഭ മേളയെ താരതമ്യപ്പെടുത്താനാവില്ല; ഇതുപോലെ മറ്റൊരു ഉദാഹരണവുമില്ല. ത്രിവേണി സംഗമത്തിലെ ഒരു നദീതീരത്ത് കോടിക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതില്‍ ലോകം മുഴുവന്‍ അത്ഭുതപ്പെടുന്നു. ഈ കോടിക്കണക്കിന് ആളുകള്‍ക്ക് ഔപചാരികമായ ക്ഷണമോ എത്തിച്ചേരേണ്ട സ്ഥലത്തെക്കുറിച്ചോ മുന്‍കൂര്‍ വിവരമോ ലഭിച്ചിരുന്നില്ല. ആളുകള്‍ മഹാ കുംഭത്തിന് പുറപ്പെട്ടു... പുണ്യ സ്‌നാനം നടത്തി അനുഗ്രഹിക്കപ്പെട്ടു' - മോദി കൂട്ടിച്ചേര്‍ത്തു.
'ആ ചിത്രങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സ്‌നാനം കഴിഞ്ഞ് അതിരറ്റ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ആ മുഖങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സ്ത്രീകളായാലും വൃദ്ധരായാലും വികലാംഗരായാലും എല്ലാവരും സംഗമത്തിലെത്താന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതലമുറയും പ്രയാഗ്രാജ് സന്ദര്‍ശിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സംഭവിക്കാത്തതാണ് ഇക്കുറി സംഭവിച്ചത്. ഇത് വരും നൂറ്റാണ്ടുകള്‍ക്ക് അടിത്തറ പാകിയെന്നും മോദി പറഞ്ഞു.
ലോക ശ്രദ്ധ നേടിയ മഹത്തായ പരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കരിനെയും പ്രയാഗ്രാജ് നിവാസികളെയും കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളെയും മോദി അഭിനന്ദിച്ചു. 45 ദിവസം നീണ്ടുനിന്ന കുംഭമേളയില്‍ 66 കോടി ഭക്തരാണ് പങ്കെടുത്തത്. ശിവരാത്രി സ്‌നാനത്തിനായി ഇന്നലെ വലിയ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്.












Click it and Unblock the Notifications