പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. അസംസ്‌കൃത എണ്ണ, പ്രകൃതി വാതക ക്ഷാമം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനങ്ങളുടെ തയാറെടുപ്പ് യോഗത്തില്‍ വിലയിരുത്തും.
പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുന്നതിനാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, പെരുമാറ്റച്ചട്ടമുള്ളതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് സാഹചര്യം വിശദീകരിച്ചിരുന്നു. പാര്‍ലമെന്റിലും ചര്‍ച്ച ചെയ്തിരുന്നു.

ഇന്ധന വിതരണം സുസ്ഥിരമായി തുടരുകയാണെന്നും ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കിംവദന്തികള്‍ വിശ്വസിക്കുകയോ പരിഭ്രാന്തിയോടെ വാങ്ങലുകള്‍ നടത്തുകയോ ചെയ്യരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇന്ധന ക്ഷാമം വരുമെന്ന് കണ്ട് പലരും ഇന്ധന വിതരണ കേന്ദ്രങ്ങളില്‍ എത്തിയത് ആശങ്ക പരത്തിയിരുന്നു.
തടസമില്ലാത്ത ഊര്‍ജ വിതരണം ഉറപ്പാക്കാന്‍ എല്ലാ റിഫൈനറികളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉല്‍പാദനം വര്‍ധിപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് വഴി ചരക്കുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഇത് ആശ്വാസകരമാണ്.
രാജ്യത്തുടനീളം എല്‍പിജിയുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിതരണം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിരവധി നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര വിതരണം സാധാരണ നിലയിലാണെന്ന് പെട്രോളിയം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ നയാര എനര്‍ജി കമ്പനി പെട്രോള്‍, ഡീസല്‍ വില കൂട്ടിയത് പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്.
ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതാണ് യുദ്ധത്തിന്റെ തുടക്കം. ഇറാന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കി. ഇതോടെ യുദ്ധം വ്യാപിച്ചു. നാലാഴ്ചയോട് അടുക്കവെ കരയുദ്ധം തുടങ്ങുമെന്നാണ് അമേരിക്ക പറയുന്നത്. കൂടുതല്‍ യുഎസ് സൈനികര്‍ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് ചര്‍ച്ചകളും നടക്കുന്നു. അമേരിക്കയും ഇറാനും പ്രത്യേകമായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു എന്നാണ് വിവരം. ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു. തിരിച്ചടി നിര്‍ത്തില്ലെന്ന് ഇറാനും വ്യക്തമാക്കി.












Click it and Unblock the Notifications