20,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു-കശ്മീരിൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുകാശ്മീർ സന്ദർശിക്കും. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദർശനമാണിത്.
അതിർത്തികളിൽ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് നരേന്ദ്രമോദി ജമ്മുകാശ്മീരിൽ എത്തുന്നത്. ജമ്മു മേഖലയിൽ ബി ജെ പി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ വരവേൽക്കാൻ പതിനായിരങ്ങൾ ഒത്തുചേരും.

ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് സാന്ത ജില്ലയിലെ പാലി ഗ്രാമത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഇതിന് പിന്നാലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരത്തോളം പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി അഭി സംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് മേഖലയിലെ പുതിയ വികസന യുഗത്തിലേക്ക് നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും എന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
2019 ഓഗസ്റ്റിന് ശേഷം ജമ്മു കശ്മീരിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക പൊതു പരിപാടിയാണ് ഇത്. അദ്ദേഹം പാലി പഞ്ചായത്തിലെ ഗ്രാമ തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ഭരണ പ്രദേശത്തെ രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബനിഹാൽ - ഖാസിഗുണ്ട് റോഡ് ഇന്ന് നാടിന് സമർപ്പിക്കും.
20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതേസമയം, രാജ്യത്തെ എല്ലാ ജില്ലകളിലും 75 ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി 'അമൃത് സരോവർ' എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
3,100 കോടി രൂപ ചെലവിലാണ് ബനിഹാൽ - ഖാസിഗുണ്ട് റോഡ് ടണൽ നിർമ്മിച്ചത്. ഇതിന് 8.45 കിലോ മീറ്റർ നീളമുണ്ട്. ഇതൊരു ഇരട്ട - ട്യൂബ് തുരങ്കമാണ്. ബനിഹാലിനും ഖാസിഗണ്ടിനും ഇടയിൽ ഉള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയും. ഇതിന് പുറമെ യാത്രാ സമയം അര മണിക്കൂർ കുറയും. ഇതിന് പുറമെ, ക്വാർ ജല വൈദ്യുത പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവഹിക്കും. 2013 - ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിംഗാണ് പദ്ധതിക്ക് തറക്കല്ലിട്ടിരുന്നത്.












Click it and Unblock the Notifications