'വളരെ പ്രത്യേകതയുള്ള ഒരു ദിനം'; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ദില്ലി: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ആശംസ. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. അതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഏഴായിരം പെരെയാണ് ചെങ്കോട്ടയിലെ ആഘോഷ പരിപാടികളിലേക്ക് ക്ഷണിച്ചത്.

അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാര്‍, മോര്‍ച്ചറി ജീവനക്കാര്‍ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അതീവ സുരക്ഷയാണ് ചെങ്കോട്ടയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. 10000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാകും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആചാര വെടി മുഴക്കുക.
രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും രംഗത്തെത്തി. ലോകത്തിന് മുന്നില്‍ പുതിയ ഇന്ത്യ ഉയര്‍ന്നുവരികയാണ് എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ദ്രൗപതി മുര്‍മു പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യ ദിന ആഘോഷം കണക്കിലെടുത്ത് കേരളത്തിലും വിപുലമായ ഒരുക്കങ്ങള്‍ ആണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തും. സേന വിഭാഗങ്ങളെ അഭിവാദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നിരുന്നു.
അതേസമയം, സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. 'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ' എന്ന് ഗവര്‍ണര്‍ ആശംസിച്ചു.












Click it and Unblock the Notifications