മുംബൈ വിമാനത്താവളത്തില്‍ സ്വകാര്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം : 3 പേർക്ക് പരിക്ക്
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ സ്വകാര്യ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം. വി എസ് ആർ വെഞ്ചേഴ്‌സിന്‍റെ ലിയർജെറ്റ് എയർക്രാഫ്റ്റ് വി ടി-ഡി ബി എല്ലാണ് വ്യാഴാഴ്ച വൈകീട്ട് ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ട് തകർന്നത്. അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരും (ഒരു പൈലറ്റ്, ഒരു കോ-പൈലറ്റ്, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്) ഉള്‍പ്പെടെ ആകെ എട്ട് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ വാർത്താ ഏജൻസിയായ എ എൻ ഐയോട് വ്യക്തമാക്കി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കനത്ത മഴയ്ക്കിടയില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെച്ചു. റൺവേയില്‍ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്തതിന് ശേഷം സുരക്ഷാ പരിശോധനകൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതിക്കും ശേഷം സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. യുകെ 622 (വാരാണസിയിൽ നിന്ന്), യുകെ 124 (ബാങ്കോക്കിൽ നിന്ന് വരുന്നത്), യുകെ 933 (ഡൽഹിയിൽ നിന്ന് വരുന്നത്), യുകെ 518 (കൊച്ചിയിൽ നിന്ന് വരുന്നത്), യുകെ 865 (ഡെറാഡൂണിൽ നിന്ന് വന്നത്) എന്നിവയാണ് വഴിതിരിച്ച് വിട്ടത്. ആദ്യ രണ്ടെണ്ണം ഹൈദരാബാദിലേക്കും പിന്നീടുള്ള മൂന്ന് വിമാനങ്ങൾ ഗോവയിലേക്കുമാണ് തിരിച്ചുവിട്ടത്.












Click it and Unblock the Notifications