പ്രിയദര്‍ശന്‍, പ്രീതി സിന്റ, സുനില്‍ ഷെട്ടി; 18 പ്രമുഖരെ ഉള്‍പ്പെടുത്തി പുതിയ സെന്‍സര്‍ ബോര്‍ഡ്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിപിഎഫ്‌സി) എന്ന സെന്‍സര്‍ ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സംവിധായകന്‍ പ്രിയദര്‍ശന്‍, പ്രമുഖ താരങ്ങളായ പ്രീതി സിന്റ, സുനില്‍ ഷെട്ടി ഉള്‍പ്പെടെ 18 പ്രമുഖരാണ് പുതിയ ബോര്‍ഡിലുള്ളത്. മൂന്ന് വര്‍ഷം കാലാവധിയുടെ പുതിയ ബോര്‍ഡിന്റെ ചെയര്‍മാന്‍ ശശി ശേഖര്‍ വെമ്പതിയാണ്.
പങ്കജ് ത്രിപാഠി, പല്ലവി ജോഷി, പ്രൊസഞ്ജിത് ചാറ്റര്‍ജി, റുപാലി ഗാംഗുലി, റിക്കി കേജ്, നിള മധബ് പാന്ത, മനോജ് ജോഷി, അഭിഷേക് ജെയ്ന്‍, സുപ്രിയ യര്‍ലഗദ്ദ, വിനോദ് അനുപം, യതീന്ദ്ര മിശ്ര, നിഷിഗധ വാദ്, ഹന്‍സ്രാജ് ഹന്‍സ്, വമന്‍ കേന്ദ്ര, രമേശ് പതന്‍ജ് എന്നിവരാണ് ബോര്‍ഡിലെ മറ്റു അംഗങ്ങള്‍. വമന്‍ കേന്ദ്രയും രമേശ് പതന്‍ജും ഒഴികെ ബാക്കി എല്ലാവരും പുതിയ മുഖങ്ങളാണ്.

ഇതിന് മുമ്പ് സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചത് 2017 ഓഗസ്റ്റിലാണ്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2020ല്‍ പുതിയ ബോര്‍ഡ് വരേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുനസംഘടന നടത്തിയില്ല. വിദ്യ ബാലന്‍, വിവേക് അഗ്നിഹോത്രി, മിഹിര്‍ ഭൂട്ടിയ, ഗൗതമി തടിമല്ല, വാണി ത്രിപാഠി തിക്കൂ, ജീവിത രാജശേഖര്‍, ടിഎസ് നാഗഭരണ, നരേഷ് ചന്ദ്ര ലാല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഇതുവരെയുള്ള സെന്‍സര്‍ ബോര്‍ഡ്.
സെന്‍സര്‍ ബോര്‍ഡിന്റെ സമീപകാലത്തെ പല തീരുമാനങ്ങളും വലിയ വിവാദമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഹിന്ദുത്വ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനവും കേട്ടു. ചില ഭാഗങ്ങള്‍ ഒഴിവാക്കിയ ശേഷമേ സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കൂ എന്ന വാശി പിടിച്ച സംഭവങ്ങളുമുണ്ടായി.
നിരവധി മലയാള സിനിമകളും ഇത്തരം നടപടികള്‍ക്ക് വിധേയമായിരുന്നു. സിനിമയുടെ പേര് മാറ്റാന്‍ പോലും നിര്‍ബന്ധിതമായ സാഹചര്യമുണ്ടായി. സുരേഷ് ഗോപി നായകനായ സിനിമയ്ക്കും പേരുമാറ്റേണ്ടി വന്നു. പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാഗമായ പുതിയ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും അതുകൊണ്ടുതന്നെ സൂക്ഷ്മമായി വിലയിരുത്തപ്പെടും.


Click it and Unblock the Notifications
