'പലസ്തീൻ' ബാഗുമായി ലോക്സഭയിൽ എത്തി പ്രിയങ്ക; പ്രീണനമെന്ന് ബിജെപി, വിവാദം
പലസ്തീൻ ബാഗുമായി ലോക്സഭയിൽ എത്തി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ ബാഗാണ് കൈയ്യിൽ കരുതിയത്. പലസ്തീനോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായ തണ്ണിമത്തനും ബാഗിൽ കാണാം. കോൺഗ്രസ് നേതാവ് ഷമ മുഹമ്മദാണ് ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രിയങ്ക ജി ബാഗ് കൈയ്യിൽ കരുതിയത്. അനുകമ്പ, നീതി, മാനവികത എന്നിവയോടുള്ള പ്രതിബദ്ധത! ജനീവ കൺവെൻഷൻ ലംഘിക്കാൻ ആർക്കും കഴിയില്ലെന്ന് അവർക്ക് വ്യക്തമാണ്' ,ഷമ മുഹമ്മദ് കുറിച്ചു.

പലസ്തീൻ വിഷയത്തിൽ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് പലപ്പോഴായി പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായും പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീന്‍റെ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നല്കുന്നതായി കൂടിക്കാഴ്ചയിൽ അവർ അറിയിച്ചിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെ ആബിദ് എൽറാസെഗ് നല്കിയ ബാഗാണ് പ്രിയങ്ക കൈയ്യിൽ കരുതിയതെന്നാണ് റിപ്പോർട്ട്.
അതേസമയം പ്രിയങ്കയുടെ നടപടിയെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. പ്രിയങ്കയുടേത് പ്രീണന രാഷ്ട്രീയമാണെന്നാണ് ബി ജെ പി നേതാവ് സംബിത് പാത്രയുടെ പരിഹാസം. ഗാന്ധി കുടുംബത്തെ സംബന്ധിച്ചെടുത്തോളം ഇതൊന്നും ഒട്ടും പുതിയതല്ല. നെഹ്റു മുതൽ പ്രിയങ്ക വരെയുള്ളവർ എന്നും പ്രീണനത്തിന്‌റെ ബാഗ് ചുമന്നവരാണ് ,ഒരിക്കൽ പോലും രാജ്യസ്നേഹത്തിന്‌റെ ബാഗ് അവർ ചുമന്നിട്ടില്ല, ഈ ബാഗ് ആണ് അവരുടെ തോൽവിക്കും കാരണം സാംബിത് പാത്ര ട്വീറ്റ് ചെയ്തു.
അതേസമയം ഷമ മുഹമ്മദിന്ർറെ പോസ്റ്റിന് താഴെ അവരെ അനുകൂലിച്ചും പിന്തുണച്ചും നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. ഇറ്റാലിക്കാരന്‍റെ പങ്കാളിയായ അവർക്ക് ഇറ്റലിയോടോ ഇന്ത്യയോടോ യാതൊരു വിധേയത്വവും ഇല്ല, പക്ഷെ പലസ്തീനോടുണ്ട്. മുത്തച്ഛന്‍റെ കാലത്ത് തുടങ്ങിയ പ്രീണന രാഷ്ട്രീയം ഇന്നും തുടരുന്നു എന്നാണ് പരിഹാസം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ പാകിസ്ഥാൻ സേനയെ പരാജയപ്പെടുത്തിയ 'വിജയ് ദിവസ്' ദിനമായ ഇന്ന് ഹമാസ് പോലുള്ള ഒരു സംഘടനയെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നാണ് മറ്റൊരു കൂട്ടരുടെ വിമർശനം. എന്തുകൊണ്ടാണ് ബംഗ്ലാദേശിലേയും കാശ്മീരിലേയും ഹിന്ദുക്കളെ കുറിച്ച് പ്രിയങ്ക മിണ്ടാത്തത് എന്നും ചിലർ ചോദിക്കുന്നുണ്ട്.












Click it and Unblock the Notifications