പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക
കാണ്‍പൂർ: ലൈംഗിക പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട 19 വയസ്സുകാരിയുടെ അമ്മയെ ചേർത്ത് പിടിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടരി പ്രിയങ്ക ഗാന്ധി. കാണ്‍പൂരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഹൃദയഭേദകമായ രംഗങ്ങള്‍. പ്രിയങ്ക ഗാന്ധി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ ചേർത്ത് പിടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ലാപ്‌ടോപ്പ് വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തന്റെ മകൾക്ക് നീതി വേണമെന്ന് അമ്മ പ്രിയങ്ക ഗാന്ധിയോട് അഭ്യർത്ഥിക്കുന്നത് പുറത്ത് വന്ന വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കുന്നു. "ദയവായി, എന്റെ മകൾക്ക് നീതി തരൂ," എന്നാണ് അമ്മ ഹിന്ദിയിൽ ആവശ്യപ്പെടുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് പ്രിയങ്ക ഏറെ നേരേ ആശ്വസിപ്പിക്കുകയും സംസാരിക്കുകയും ചെയ്തു. പിന്നീട് ഇരയുടെ അമ്മയെ കോൺഗ്രസ് നേതാവ് അവരുടെ കാറിൽ അനുഗമിക്കുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.

വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 50 സ്ത്രീകൾ ഉൾപ്പെടെ 125 സ്ഥാനാർത്ഥികളുടെ പേരുകൾ ജനുവരി 13 ന് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിരുന്നു. 2017-ലെ കൂട്ടബലാത്സംഗത്തിന് ഇരയായ ഉന്നവ് പെൺകുട്ടിയുടെ അമ്മയും കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ''നമ്മുടെ ഉന്നാവോ സ്ഥാനാർത്ഥി കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയാണ്. പോരാട്ടം തുടരാൻ ഞങ്ങൾ അവൾക്ക് അവസരം നൽകിയിട്ടുണ്ട്. അവരെ അടിച്ചമർത്തുകയും അവരുടെ കുടുംബത്തെ നശിപ്പിക്കുകയും ചെയ്ത ശക്തി, അവർക്ക് ഇപ്പോൾ ആ അധികാരം ലഭിക്കണം"- എന്നായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത്.
സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ഇത്തവണത്തെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനുള്ള തന്ത്രം കോണ്‍ഗ്രസ് രൂപപ്പെടുത്തിയിരിക്കുന്നത്. തനിച്ചുള്ള പോരാട്ടത്തില്‍ ഇത് ഏറെ അനുകൂല ഘടകമാവുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം യുപിയില്‍ എസ്പിയും ബിജെപിയും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ തിരിച്ചടിയില്‍ നിന്നും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണാണ് എസ്പി അവകാശപ്പെടുന്നത്.
2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications