''ലോകത്തിലെ ഏറ്റവും മികച്ച സഹോദരൻ''.... രാഹുൽ ഗാന്ധിക്ക് പ്രിയങ്കയുടെ രക്ഷാബന്ധൻ, ബാല്യകാല ചിത്രവും
ദില്ലി: സ്വന്തം സഹോദരനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കത്ത ഒരു സഹോദരിയുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ. മറ്റാരുമല്ല കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പും പിമ്പും രാഹുൽ ഗാന്ധിക്ക് കരുത്തായി എന്നും പ്രിയങ്കയും ഉണ്ടായിരുന്നു. രാജ്യം മുഴുവൻ രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ രാഹുൽ ഗാന്ധിക്കും ആശംസകളായി എത്തിയിരിക്കുകയാണ് പ്രിയങ്ക.
ലോകത്തിലെ ഏറ്റവും നല്ല സഹോദരൻ എന്നാണ് പ്രിയങ്ക രാഹുലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ലെന്ന കുറിപ്പോടെ കുഞ്ഞു പ്രിയങ്കയുടെയും രാഹുലിന്റെയും ഒരു ബാല്യകാല ചിത്രവും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്കയെ ചേർത്തു നിൽക്കുന്ന രാഹുൽ ഗാന്ധിയാണ് ചിത്രത്തിലുള്ളത്.

ഇത് ആദ്യമായല്ല പ്രിയങ്ക രാഹുൽ ഗാന്ധിയോടുള്ള തന്റെ അളവറ്റ സ്നേഹം പ്രകടിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിക്കാൻ വയനാട്ടിലെത്തിയ പ്രിയങ്ക വയനാട്ടുകാരോട് തന്റെ സഹോദരനെ കുറിച്ച് വാതോരാതെ സംസാരിച്ചാണ് മടങ്ങിയത്. രാഷ്ട്രീയമല്ല രാഹുൽ ഗാന്ധിയോടുള്ള തന്റെ സ്നേഹമായിരുന്നു പ്രിയങ്കയുടെ വാക്കുകളിൽ അന്ന് നിറഞ്ഞത്.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലും, ഏറ്റവും മോശമായ നിമിഷങ്ങളിലും എന്റെ കൈപിടിച്ച് നിന്നയാളാണ് രാഹുലെന്നാണ് പ്രിയങ്ക പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കാൺപൂർ വിമാനത്താവളത്തിൽവെച്ച് കണ്ടുമുട്ടിയപ്പോൾ ഇരുവരുടെയും സ്നേഹ പ്രകടനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു.
@RahulGandhi I guess things haven’t changed that much, haan?! 😘..best brother in the world! pic.twitter.com/rD3CrvHY8v
— Priyanka Gandhi Vadra (@priyankagandhi) August 15, 2019
നല്ല സഹോദരൻ എന്നാൽ എന്താണെന്ന് ഞാൻ വിശദമാക്കാം. ഞാൻ ഒരു ദൂരെ യാത്രയ്ക്ക് പോവുകയാണ്. പക്ഷെ എനിക്ക് യാത്രയ്ക്കായി കിട്ടിയത് ഒരു ചെറിയ വിമാനമാണ്. പക്ഷെ എന്റെ അനിയത്തി ഇവിടെ അടുത്താണ് പോകുന്നത്, അവൾക്ക് കിട്ടിയത് ഇത്രയും വലിയ വിമാനം. പക്ഷെ അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്, സഹോദരിക്ക് ഒരു ഉമ്മയും കൊടുത്താണ് രാഹുൽ നടന്നു പോയത്.












Click it and Unblock the Notifications