കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ പ്രദേശിൽ പതറി പ്രിയങ്ക ഗാന്ധി, വിശ്വസ്തൻ കോൺഗ്രസ് വിട്ടു, ആം ആദ്മി പാർട്ടിയിൽ ചേർന്നു!

Google Oneindia Malayalam News

ലഖ്‌നൗ: 2022ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉത്തര്‍ പ്രദേശില്‍ വേരുറപ്പിക്കാനുളള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്. കുറഞ്ഞ സമയത്തിനുളളില്‍ തന്നെ യുപിയില്‍ അഖിലേഷ് യാദവിനും മായാവതിക്കുമൊപ്പമെത്തുന്ന നേതാവായി മാറാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചിട്ടുമുണ്ട്.

അടിത്തട്ടില്‍ പതിയെ സ്വാധീനം വീണ്ടെടുത്ത് വരികയാണ് കോണ്‍ഗ്രസ്. അതിനിടെ യുപിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തന്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയിലേക്കാണ് നദീം അഷ്‌റഫ് ജൈസിയുടെ ചുവടുമാറ്റം.

പ്രിയങ്കയുടെ വലംകൈ

പ്രിയങ്കയുടെ വലംകൈ

വളരെ വൈകി സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന ദൗത്യം ഉത്തര്‍ പ്രദേശില്‍ ഭരണം പിടിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ പ്രിയങ്കയും ടീമും യുപിയില്‍ സജീവമായി പ്രവര്‍ത്തനത്തിലുമാണ്. അതിനിടെയാണ് പാര്‍ട്ടിക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് പ്രിയങ്കയുടെ തന്നെ വലംകൈയായ നേതാവ് രാജി വെച്ചിരിക്കുന്നത്.

കോൺഗ്രസിന് വിമർശനം

കോൺഗ്രസിന് വിമർശനം

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് നദീം അഷ്‌റഫിന്റെ രാജി. കോണ്‍ഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിരിക്കുകയാണെന്ന് നദീം അഷ്‌റഫ് കുറ്റപ്പെടുത്തി. 31 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് നദീം. ഈ നീണ്ട കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് നദീം ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.

ഇടതുപക്ഷം ഹൈജാക്ക് ചെയ്തു

ഇടതുപക്ഷം ഹൈജാക്ക് ചെയ്തു

വ്യാമോഹങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുകയാണ് താനിപ്പോള്‍. ഇടതുപക്ഷക്കാരാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഗാന്ധിയുടേയും നെഹ്രുവിന്റെയും ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെട്ടവരാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അയച്ച സന്ദേശത്തില്‍ നദീം അഷ്‌റഫ് ആരോപിക്കുന്നു.

ആശയം അടിച്ചേൽപ്പിക്കുന്നു

ആശയം അടിച്ചേൽപ്പിക്കുന്നു

സന്ദീപ് സിംഗ് എന്ന നേതാവിനെതിരെയും നദീം ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളോട് സന്ദീപ് സിംഗ് അപമര്യാദയായി പെരുമാറുന്നുവെന്നും അയാളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും നദീം ആരോപിച്ചു. ബ്ലോക്ക് തലത്തിലുളള പ്രവര്‍ത്തകനായി 1989ലാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരം പല ചുമതലകളും വഹിച്ചു.

അപമാനിക്കപ്പെട്ടത് പോലെ

അപമാനിക്കപ്പെട്ടത് പോലെ

എന്നാലിന്ന് തനിക്ക് അപമാനിക്കപ്പെട്ടത് പോലെയാണ് തോന്നുന്നത്. നെഹ്രുവിന്റെയും ഗാന്ധിയുടേയും ആശയങ്ങള്‍ ഇന്ന് കോണ്‍ഗ്രസിന് വേണ്ട. അമേഠിയുടേയും റായ്ബറേലിയുടേയും ചുമതലയുളള എഐസിസി അംഗമായി റിഹായി മഞ്ചിനെ നിയോഗിച്ചതിലും നദീം തന്റെ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. പുതിയ നേതൃത്വത്തിന് കീഴില്‍ തനിക്ക് ശ്വാസം മുട്ടുകയാണെന്ന് നദീം പറഞ്ഞു.

സാധാരണക്കാർക്ക് വേണ്ടി

സാധാരണക്കാർക്ക് വേണ്ടി

എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്താനുളള തന്റെ ആഗ്രഹം അതുപോലെ തന്നെയുണ്ട്. അതുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതെന്നും നദീം പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം പോലുളള വിഷയങ്ങളില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് നദീം അഷ്‌റഫ് പ്രശംസിച്ചു.

പലരും ഈ വഴി പിന്തുടരും

പലരും ഈ വഴി പിന്തുടരും

പ്രിയങ്ക ഗാന്ധി കാരണമാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. തന്നെപ്പോലെ പാര്‍ട്ടിക്കുളളിലെ നിരവധി പേര്‍ ഇന്നത്തെ നേതൃത്വത്തിലും പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങളിലും അതൃപ്തരാണ്. അവരില്‍ പലരും തന്റെ വഴി സ്വീകരിക്കുമെന്നും നദീം പറഞ്ഞു. അതേസമയം നദീം പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് പാര്‍ട്ടി വക്താവ് വിരേന്ദ്ര മദന്‍ പ്രതികരിച്ചു.

ബാധിക്കില്ലെന്ന് കോൺഗ്രസ്

ബാധിക്കില്ലെന്ന് കോൺഗ്രസ്

2007ല്‍ കോണ്‍ഗ്രസ് വിട്ട് ബിഎസ്പിയില്‍ ചേര്‍ന്നയാളാണ് നദീം. 2017ല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നു. കോണ്‍ഗ്രസ് വിട്ടത് വലിയ തെറ്റായിപ്പോയി എന്നാണ് അയാള്‍ അന്ന് പറഞ്ഞത്. അതേ തെറ്റ് നദീം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും പിന്നീട് പശ്ചാത്തപിക്കുമെന്നും വിരേന്ദ്ര മദന്‍ പറഞ്ഞു.

അമേഠിയും റായ്ബറേലിയും

അമേഠിയും റായ്ബറേലിയും

എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് വേറൊന്നാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് ബൂത്ത് തലത്തില്‍ വിശകലനം നടത്തിയിരുന്നു. നദീമിന് ചുമതലയുണ്ടായിരുന്ന 23 ബൂത്തുകളില്‍ 21ലും കോണ്‍ഗ്രസ് ജയിച്ചു. അമേഠിയിലും റായ്ബറേലിയിലും നദീമിന് വലിയ സ്വാധീനമുണ്ട് എന്നത് നിഷേധിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

English summary
Priyanka Gandhi's loyal in UP left Congress and joined AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X