'സസ്പെൻഡ് ചെയ്യുന്നത് പണയ വസ്തുക്കളെ', ഹത്രാസ് ക്രൂരതയിൽ യോഗി രാജിവെക്കണമെന്ന് പ്രിയങ്കാ ഗാന്ധി
ലഖ്നൊ: ഹത്രാസിൽ 20 കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രിയങ്ക രംഗത്തെത്തിയിട്ടുള്ളത്. ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നേരത്തെ എസ്പിയെയും നാല് പോലീസ് ഉദ്യോഗസ്ഥരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ചില പണയക്കാരെ സസ്പെൻഡ് ചെയ്യുന്നത് എന്ത് മാറ്റമാണ് വരുത്തുകയെന്ന് ചോദിക്കുന്ന പ്രിയങ്ക ഗാന്ധി യുപി മുഖ്യന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ രാജി
കൂട്ടബലാത്സംഗക്കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ വെള്ളിയാഴ്ചയാണ് ഹത്രാസ് എസ്പി വിക്രാൻ, നാല് പോലീസുകാർ എന്നിവരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. ചിലരെ സസ്പെൻഡ് ചെയ്യുന്നതിലൂടെ എന്ത് വ്യത്യാസമാണുള്ളത്. ആരുടെ ഉത്തരവ് അനുസരിച്ചാണ് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ ദുരിരത്തിലാക്കിയിട്ടുള്ളത്. ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിന്റെയും എസ്പിയുടേയും ഫോൺ രേഖകൾ പരസ്യപ്പെടുത്തണം. അതേ സമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റിൽ കുറിച്ചു.

ഉറ്റുനോക്കുന്നത് രാജി
രാജ്യം ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിയാണെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്റിൽ കുറിച്ചു. എസ്പി വിക്രാന്ത് വീർ, സർക്കിൾ ഓഫീസർ റംഷാബ്. ഇൻസ്പെക്ടർ ദിനേഷ് കുമാർ വർമ, സബ് ഇൻസ്പെക്ടർ ജസ് വീർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ് പാൽ എന്നിവരെ സസ്പെൻഡ് ചെയ്തതായി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്ഥി പറഞ്ഞു.

ഫോൺ സംഭാഷണം ചോർന്നു
കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരന്റെ സഹോദരനും മാധ്യമപ്രവർത്തകവും തമ്മിലുള്ള ഫോൺ സംഭാഷണം ചോർന്നതിനെക്കുറിച്ചും പ്രിയങ്ക ഗാന്ധി ട്വീറ്റിൽ പരാമർശിച്ചിരുന്നു. യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത ട്വീറ്റിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയായി തുടരാൻ ധാർമികാവകാശമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തിരുന്നു. സെപ്തംബർ 14നാണ് ഹത്രാസിൽ 20കാരിയായ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്.

ദില്ലിയിലേക്ക്
യുപിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പെൺകുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെ ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിയിലേക്ക് പോയത്. ഇവിടെ വെച്ചാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത്. മകളുടെ അന്ത്യകർമ്മങ്ങൾ നടത്താൻ ലോക്കൽ പോലീസ് അനവദിച്ചിട്ടില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. കുടുംബത്തിന്റെ ആഗ്രഹം അനുസരിച്ചാണ് മൃതദേഹം സംസ്കരിച്ചതെന്നാണ് പോലീസിന്റെ പക്ഷം.

പ്രതിനിധി സംഘം
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെയുടെ നേത്വത്തിൽ കോൺഗ്രസ് എംപിമാരുടെ സംഘമാണ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹത്രാസിലേക്ക് പോകുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനും പിന്തുണ പ്രഖ്യാപിക്കാനുമാണ് യാത്ര. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച ഹത്രാസിലേക്ക് പോകാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് പിടികൂടി ദില്ലിയിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു. ഹത്രാസിലേക്ക് പോയി പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ശ്രമിച്ചതോടെയാണിത്.
Recommended Video

അംഗീകരിക്കാൻ കഴിയില്ല
#Hathrashorror എന്നാണ് ട്വിറ്ററിൽ ഹത്രാസ് കൂട്ടബലാത്സംഗക്കേസിനെക്കുറിച്ച് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുബത്തോടും യുപി പോലീസിന്റെയും സർക്കാരിന്റെയും നിലപാട് എനിക്ക് സ്വീകാര്യമല്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ്. ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കാൻ കഴിയില്ല. പീഡനത്തിരയായ പെൺകുട്ടിയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല. അവളുടെ പരാതി രജിസ്റ്റർ ചെയ്തില്ല. അവളുടെ മൃതദേഹം ബലം പ്രയോഗിച്ച് സംസ്കരിച്ചു. കുടുംബം തടങ്കലിലാണ്. അവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കാണിച്ച് അവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും രാഹുൽ ട്വീറ്റിൽ കുറിച്ചു. ഈ സ്വഭാവം രാജ്യത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. പെൺകുട്ടിയ്ക്കും കുടുബത്തിനും നീതി നിഷേധിക്കപ്പെട്ടുവെന്നും പെൺകുട്ടിയ്ക്കെതിരെ ഉണ്ടായ ഹീന കൂറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമം നടക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു.


Click it and Unblock the Notifications