'എന്നെ മാന്തി.. നിലത്തേക്ക് തള്ളിയിട്ടു.. ശരീരമാകെ പോറലുകള്‍'; ഡല്‍ഹി പൊലീസിനെതിരെ പ്രിയങ്ക

ജന്തര്‍ മന്തറിലേക്കുള്ള ഇന്ത്യ സഖ്യ എംപിമാരുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റിയപ്പോള്‍, ജന്തര്‍ മന്തറിലേക്കുള്ള റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും മറ്റ് വനിതാ എംപിമാരെയും പൊലീസ് ബലമായി നീക്കം ചെയ്യുകയായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കാനായി ജന്തര്‍ മന്തറിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാര്‍. എന്നാല്‍ ഇവരെ കനത്ത സുരക്ഷാ വലയം തീര്‍ത്ത് പൊലീസ് തടയുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്നെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിനിടെ തന്നെ തള്ളിയിടുകയും ശരീരത്തില്‍ മാന്തുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Priyanka Gandhi

'തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ അനുമതി തേടിയ പാര്‍ലമെന്റ് അംഗങ്ങളോട് അവര്‍ പെരുമാറുന്നത് ഇങ്ങനെയാണ്. നമ്മളോട് അവര്‍ പെരുമാറുന്നത് ഇങ്ങനെയാണ്. അവര്‍ എംപിമാരെ മര്‍ദ്ദിക്കുന്നു. പൊലീസുകാര്‍ എന്റെ ശരീരമാകെ മാന്തിയിരിക്കുന്നു. അവര്‍ ഞങ്ങളെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഇനി ഞങ്ങള്‍ ഇവിടെ നിന്ന് മാറാന്‍ പോകുന്നില്ല. അവരുടെ സേനയെ അവര്‍ തിരിച്ചുവിളിക്കട്ടെ. ഞാന്‍ ഇവിടെ നിന്ന് മാറില്ല,' പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജന്‍പഥില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിപക്ഷ എംപിമാരുമായി പോവുകയായിരുന്ന ബസുകള്‍ അശോക റോഡില്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇത് വിന്‍ഡ്‌സര്‍ സര്‍ക്കിളില്‍ റോഡ് ഉപരോധത്തിനും മുദ്രാവാക്യം വിളികള്‍ക്കും കുത്തിയിരിപ്പ് സമരത്തിനും കാരണമായി. ആദ്യം രാഹുല്‍ ഗാന്ധിയെ പൊലീസ് തോളിലേറ്റിയ ശേഷം ബലമായി നീക്കം ചെയ്ത് പൊലീസ് മിനിബസിലേക്ക് മാറ്റി.

അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, ഉദയ് ഭാനു ചിബ് എന്നിവരുള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ബസില്‍ കയറിപ്പറ്റിയപ്പോള്‍, മറ്റൊരു നേതാവായ മുംതാസ് പട്ടേല്‍ ബസിന്റെ ബോണറ്റില്‍ ഇരുന്നു. തുടര്‍ന്ന്, റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്ക ഗാന്ധിയെയും മറ്റ് വനിതാ നേതാക്കളെയും നീക്കം ചെയ്യാന്‍ വന്‍ പൊലീസ് സംഘം എത്തി.

Priyanka Gandhi

അവരെ ബലമായി നീക്കം ചെയ്ത് ബസുകളില്‍ കയറ്റിയ ശേഷം സ്ഥലത്തുനിന്ന് കൊണ്ടുപോയി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരുക്കിയ ഐക്യദാര്‍ഢ്യ വിരുന്നിന് ശേഷമാണ് ബുധനാഴ്ച ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം അപ്രതീക്ഷിത തീരുമാനമെടുത്തത്. ജന്‍പഥിലെ ഒരു റെസ്റ്റോറന്റിലെ വിരുന്നിനുശേഷം, എംപിമാര്‍ ബസ്സുകളില്‍ കയറി ജന്തര്‍ മന്തറിലേക്ക് യാത്ര തിരിച്ചു.

സ്ഥലത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് എംപിമാരായ അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, ദീപേന്ദര്‍ സിംഗ് ഹൂഡ, ഇമ്രാന്‍ പ്രതാപ്ഗഢി, ഇമ്രാന്‍ മസൂദ് എന്നിവരും സേവാ ദള്‍ മേധാവി ബിവി ശ്രീനിവാസും ബസിന്റെ മുകളില്‍ നിന്ന് ദേശീയ പതാക വീശി. പ്രതിഷേധ സ്ഥലത്തേക്ക് നീങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇന്ത്യ സഖ്യ എംപിമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലിയൊരു കൂട്ടത്താല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു.

എന്നാല്‍, ജന്തര്‍ മന്തറില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള അശോക റോഡില്‍, പല തലങ്ങളിലുള്ള സുരക്ഷാ വലയം തീര്‍ത്ത് പൊലീസ് ബസുകള്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബസുകള്‍ തടഞ്ഞതോടെ, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറത്തിറങ്ങി റോഡിലെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് പ്രിയങ്കയും മറ്റ് വനിതാ നേതാക്കളും വിന്‍ഡ്‌സര്‍ സര്‍ക്കിളിലെ റൗണ്ട് എബൗട്ടിന് സമീപം റോഡില്‍ കിടന്നു പ്രതിഷേധിച്ചു.

ഭരണഘടനയുടെ ഒരു പകര്‍പ്പ് കൈയിലേന്തിയായിരുന്നു പ്രിയങ്കയുടെ പ്രതിഷേധം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍ജെഡി, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികളിലെയും മറ്റ് പല പാര്‍ട്ടികളിലെയും എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നെങ്കിലും, സമാജ്വാദി പാര്‍ട്ടി എംപിമാര്‍ ഇതില്‍ പങ്കെടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma