പ്രിയങ്ക രാജ്യസഭയിലേക്ക് എത്തില്ല!! നിലപാട് അറിയിച്ച് സോണിയ ഗാന്ധി, നിര്‍ണായകം
ദില്ലി: 55 രാജ്യസഭ അംഗങ്ങളാണ് ഏപ്രിലില്‍ വിരമിക്കാനിരിക്കുന്നത്. രാജ്യസഭയിലേക്ക് പുതിയ നോമികളെ കണ്ടെത്തുന്ന ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് ക്യാമ്പ്. തിരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ വളരെ എളുപ്പത്തില്‍ വിജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.
Recommended Video
മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തന്നെ ഇക്കുറി പ്രിയങ്ക ഗാന്ധിയെക്കൂടി രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ നിന്നും പ്രിയങ്ക മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാല്‍ നേതാക്കളുടേയും പ്രിയങ്കയുടേയും താത്പര്യത്തിന് കടയ്ക്കല്‍ തന്നെ കത്തിവെച്ചിരിക്കുകയാണ് സോണിയ ഗാന്ധി. വിശദാംശങ്ങളിലേക്ക്

രാജ്യസഭ ഒഴിവ്
ഏപ്രില്‍, ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് രാജ്യസഭയില്‍ ഒഴിവ് വരുന്നത്. ഏപ്രിലില്‍ 51 ഉം ജൂണില്‍ 5 ഉം ജുലൈയില്‍ 13 ഉം എംപിമാരുടേയും കാലാവധിയാണ് അവസാനിക്കുന്നത്. ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ 19 എംപിമാരുടെ കാലാവധിയും അവസാനിക്കും.

പ്രിയങ്ക ഗാന്ധി വരണം
കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളില്‍ പലരുടേയും പേര് രാജ്യസഭയിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പ്രിയങ്ക ഗാന്ധിയേയും രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യമാണ് മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ളവരാണ് പ്രിയങ്കയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്.

കരുത്തുറ്റ ശബ്ദം
എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ ശബ്ദമാകാന്‍ പ്രിയങ്ക ഗാന്ധിയ്ക്ക് സാധിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.പൗരത്വ നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുപിയില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തുള്ള പ്രിയങ്കയുടെ ഇടപെടലുകളും ജനശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

താത്പര്യമില്ല
മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളാണ് ഉള്ളത്.പ്രിയങ്കയ്ക്കും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര നേതൃത്വമോ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാന്‍ സോണിയയ്ക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന്യം നഷ്ടപ്പെടുത്തും
പ്രിയങ്കയെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്ന് സോണിയ മധ്യപ്രേദശ് നേതാക്കളെ അറിയിച്ചെന്ന് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്ക രാജ്യസഭയിലേക്ക് എത്തുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്നാണ് സോണിയ കണക്കാക്കുന്നത്.

രാഹുലിന് വിമര്‍ശനം
നിലവില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ പാര്‍ട്ടിയില്‍ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയെ കൈവിട്ട് വിദേശത്ത് തുടരുകയാണ് രാഹുല്‍ എന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ആക്ഷേപം. സുപ്രധാന വിഷയങ്ങളില്‍ പോലും ഇടപെടാതെ മാറി നില്‍ക്കുന്ന രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകാന്‍ എത്തുന്നതിനോട് പാര്‍ട്ടി താത്പര്യമില്ല.

അതൃപ്തി അറിയിച്ചു
രാജ്യസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചര്‍ച്ചയില്‍ പ്രിയങ്കയോട് സോണിയ ഇക്കാര്യത്തിലുള്ള തന്‍റെ അതൃപ്തി ധരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം നിലപാട് പുന:പരിശോധിക്കാന്‍ പ്രിയങ്ക സോണിയയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് വിവരം.

രാജ്യസഭ സീറ്റ്
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനങ്ങളൊന്നും കോണ്‍ഗ്രസിന് അനുകൂലമായി ലഭിക്കാന്‍ സാധ്യതയില്ലാത്ത യുപിയുടെ ചുമതല നല്‍കി തന്നെ ഒരു ബലിമൃഗമാക്കിയിരിക്കുകയാണ് നേതൃത്വം എന്ന് പ്രിയങ്ക സോണിയയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ പക്ഷം രാജ്യസഭ സീറ്റെങ്കിലും തനിക്ക് നല്‍കണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടതത്രേ.

ഇടപെടാതെ നേതാക്കള്‍
തന്‍റെ ആവശ്യം പരിഗണിക്കാന്‍ സോണിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ചില മുതിര്‍ന്ന നേതാക്കളേയും പ്രിയങ്ക സമീപിച്ചിരിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിഷയത്തില്‍ ഇടപെടുന്നത് കേന്ദ്ര നേതൃത്വത്തിനിടയില്‍ അതൃപ്തി സൃഷ്ടിച്ചേക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കണക്ക് കൂട്ടുന്നത്.

രാഹുല്‍ വരും
കുടുംബത്തിൽ അനാവശ്യ ഭിന്നതകള്‍ സൃഷ്ടിച്ചാല്‍ സോണിയ ഗാന്ധിയുടെ വിമര്‍ശനത്തിന് വഴിവെയ്ക്കുമെന്ന ഭയത്തില്‍ വിഷയം ഉന്നയിക്കാൻ നേതാക്കള്‍ വിമുഖത കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിദേശത്ത് കഴിയുന്ന രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയാല്‍ വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് സൂചന.

സാധ്യതയില്ല
രാജ്യസഭയിലേക്ക് രാഹുല്‍ പ്രിയങ്ക ഗാന്ധിയെ അയക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം പല മുതിര്‍ന്ന നേതാക്കളും രാജ്യസഭ സീറ്റിനായി ചരടുവലികള്‍ നടത്തുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കളാണ് ഇതില്‍ മുന്‍നിരയില്‍. എന്നാല്‍ പലര്‍ക്കും സാധ്യതയില്ലെന്നാണ് പാര്‍ട്ടിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications