ഗുജറാത്തിൽ കെജ്രിവാളിന്റെ റോഡ് ഷോയിൽ മോദിക്ക് മുദ്രാവാക്യം വിളി, കെജ്രിവാളിന്റെ പ്രതികരണമിങ്ങനെ
ദില്ലി: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി അനുകൂല മുദ്രാവാക്യം വിളികള്‍. പഞ്ചമഹല്‍ ജില്ലയിലെ ഹാലോലില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റോഡ് ഷോയിലാണ് ഒരു സംഘം മോദി അനുകൂല മുദ്രാവാക്യം വിളികളുമായി എത്തിയത്. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാണ് റോഡ് ഷോ നയിച്ചിരുന്നത്. അടുത്ത മാസമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
'ചില സുഹൃത്തുക്കള്‍ മോദി മോദി എന്ന് ഉറക്കെ വിളിക്കുകയാണ്. അവരോട് പറയാനുളളത്, അവര്‍ക്ക് പിന്തുണയ്ക്കുന്ന ആരെ വേണമെങ്കിലും അനുകൂലിച്ച് മുദ്രാവാക്യം വിളിക്കാം. എന്നാല്‍ താനാണ് കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ നിര്‍മ്മിക്കുകയും സൗജന്യമായി വൈദ്യുതി നല്‍കുകയും ചെയ്യുക. ഇപ്പോള്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളുടെ ഹൃദയം ഒരുനാള്‍ ആം ആദ്മി പാര്‍ട്ടി കീഴടക്കും', എന്നാല്‍ കെജ്രിവാള്‍ സംഭവത്തോട് പ്രതികരിച്ചത്.

'ഞങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും പിന്തുണയ്ക്കാം. ഒരു ദവസം നിങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ ഇടം പിടിക്കുകയും നിങ്ങളെ ഈ പാര്‍ട്ടിയിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്നും മുദ്രാവാക്യം വിളിച്ചവര്‍ക്കുളള മറുപടിയായി അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ വലിയൊരു വിഭാഗം യുവാക്കളും തൊഴില്‍രഹിതരാണെന്ന് കെജ്രിവാള്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും'. ജോലി ഇല്ലാത്ത ആളുകള്‍ക്ക് 3000 രൂപ വീതം തൊഴിലില്ലായ്മ വേതനം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
'ഒരു പാര്‍ട്ടിയും സ്‌കൂളുകളെ കുറിച്ച് സംസാരിക്കുന്നില്ല. ഏതെങ്കിലുമൊരു പാര്‍ട്ടി നിങ്ങള്‍ക്ക് സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിച്ച് തരുമെന്നോ ജോലി തരുമെന്നോ വൈദ്യുതി തരുമെന്നോ വാഗ്ദാനം ചെയ്തിട്ടുണ്ടോ. ഞങ്ങളുടെ പാര്‍ട്ടി മാത്രമാണ് അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ഗുണ്ടായിസത്തില്‍ വിശ്വസിക്കുന്നവരും അപമാനം സഹിക്കാന്‍ തയ്യാറുളളവരുമായ ആളുകളാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്' എന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. 'നിങ്ങള്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിച്ച് കിട്ടണമെങ്കില്‍ എന്റെ പക്കലേക്ക് വരൂ, ഞാനൊരു എഞ്ചിനീയറാണ്. നിങ്ങള്‍ക്ക് വൈദ്യുതിയും ആശുപത്രികളും റോഡുകളും വേണമെങ്കില്‍ എന്റെ അടുത്തേക്ക് വരൂ, അല്ലാത്തവര്‍ ഗുണ്ടായിസത്തിനൊപ്പം പോകൂ' എന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications