പെരിയാറിനെ അപമാനിച്ച് ബിജെപിയുടെ ട്വീറ്റ്, തമിഴ്‌നാട്ടില്‍ പ്രതിഷേധ കൊടുങ്കാറ്റ്
ചെന്നൈ: പെരിയാര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞനായ ഇ വി രാമസ്വാമിയെ അപമാനിച്ച ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം. പെരിയാറിന്റെ 46ാം ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിൻറെ ട്വീറ്റാണ് വിവാദത്തിന് കാരണമായത്. പെരിയാറിന്റെ ഭാര്യ മണിയമ്മക്കൊപ്പമുള്ള വിവാഹ ഫോട്ടോ ട്വീറ്റില്‍ പങ്കുവെച്ചിരിക്കുന്നു.
ഇന്ന് മണിയമ്മയുടെ പിതാവ് പെരിയാറിന്റെ ചരമ വാര്‍ഷികമാണ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ആളുകള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ പിന്തുണയ്ക്കുകയും പോക്‌സോ കേസുകള്‍ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഈ ട്വീറ്റാണ് പ്രതിഷേധത്തിന് കാരണമായത്. പെരിയാറിന് 69 വയസ്സുള്ളപ്പോഴാണ് 31കാരിയായ മണിയമ്മയെ വിവാഹം ചെയ്യുന്നത്. പാര്‍ട്ടിയുടെ ഐടി വിഭാഗം ഫോട്ടോയും കുറിപ്പും റീട്വീറ്റ് ചെയ്‌തെങ്കിലും ഈ പോസ്റ്റ് ഇരുവരും പിന്നീട് ഡിലീറ്റ് ചെയ്തു.

ബിജെപിയുടെ സഖ്യകക്ഷികളായ എഐഎഡിഎംകെ, പിഎംകെ എന്നിവരുള്‍പ്പെടെ പലരും ട്വീറ്റിനെ അപലപിക്കുകയും പാര്‍ട്ടിയെ വിമര്‍ശിക്കുകയും ചെയ്തു. സ്ത്രീകളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് പെരിയാര്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ബിജെപിക്ക് ഒന്നും അറിയില്ലെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. പെരിയാറിനെക്കുറിച്ച് അപകീര്‍ത്തികരമായ ഒരു പോസ്റ്റ് ഇടുന്നതിനുമുമ്പ് ബിജെപിക്ക് ഒന്നു കൂടി ആലോചിക്കണമായിരുന്നുവെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ബിജെപിക്ക് പെരിയാറിനോടുള്ള ഭയം നിലനില്‍ക്കട്ടെയെന്നും മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ അവര്‍ക്ക് നടുക്കമുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐഎഡിഎംകെ ഈ വിഷയത്തില്‍ പ്രതികരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴി പരസ്യമായി പറയാനാകാത്ത ചില കാര്യങ്ങള്‍ പുറത്തു വിട്ടതായി എംഡിഎംകെ നേതാവ് വൈക്കോ പറഞ്ഞു. തെറ്റായ ആരോപണം ഉന്നയിച്ച് പെരിയാറിനെ അപമാനിച്ച ബിജെപി നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിയാറിന്റെ ചരമ വാര്‍ഷികത്തില്‍ ബിജെപിയും അവരുടെ ഐടി വിഭാഗവും വെറുപ്പുളവാക്കുന്ന കാര്യമാണ് പോസ്റ്റ് ചെയ്തതെന്നും ഇത് അപലപനീയമാണെന്നും പിഎംകെ സ്ഥാപകന്‍ എസ് രാമദോസ് പറഞ്ഞു. അതേസമയം, പാര്‍ട്ടി നേതാക്കളും സഖ്യകക്ഷികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങള്‍ പുതിയതൊന്നും പോസ്റ്റുചെയ്തിട്ടില്ല. ഡിഎംകെ നേതാക്കളായ അണ്ണ, കലൈഞ്ജര്‍ തുടങ്ങിയവര്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ സമാനമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications