ഡൽഹിയിൽ ഒക്ടോബർ 5 വരെ നിരോധനാജ്ഞ; മാർച്ച് നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചൂക് കസ്റ്റഡിയിൽ
ഡഹിയിൽ ഭാരതീയ ന്യായ് സംഹിത പ്രകാരം 163 പ്രഖ്യാപിച്ച് ജില്ലാ ഭരണകുടം. ഒക്ടോബർ അഞ്ച് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ ഡൽഹി, നോർത്ത് ഡൽഹി, ഡൽഹി അതിർത്തികൾ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഉള്ളതെന്ന് ഡൽഹി പോലീസ് കമ്മീഷ്ണർ സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
മേഖലയിൽ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്ന ഇന്റലിജെൻസ് മുന്നറിയിപ്പുകളുടെ അടിസ്ഥാത്തിലാണ് നടപടി. വഖഫ് ബോർഡ് ഭേദഗതി ബിൽ, ഷാഹി ഈദ്ഗാഹ് പ്രശ്നം ,ജമ്മു കാശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്ന സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. പ്രതിഷേധങ്ങൾ,പൊതുയോഗങ്ങൾ, ധർണകൾ എന്നിവ നിരോധിച്ചതായി പോലീസ് ഇറക്കിയ ഉത്തരവിൽ പറയുന്നു. തോക്കുകൾ, ബാനറുകൾ, പ്ലക്കാർഡുകൾ, ലാത്തികൾ, വാളുകൾ, വടികൾ എന്നിവ കൈയ്യിൽ കരുതുന്നത് സെക്ഷൻ 223 പ്രകാരം ശിക്ഷാർഹമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഒക്ടോബർ ആദ്യവാരം നിരവധി സംഘടനകൾ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മാത്രമല്ല ഡൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പ് ഫലവും ഗാന്ധി ജയന്തി ആഘോഷവും വരാനിരിക്കുന്നുണ്ട്. മേഖലയിൽ ഈ സമയങ്ങളിൽ വിവിഐപികൾ അടക്കമുള്ളവരുടെ സാന്നിധ്യമുണ്ടാകും. ഈ സാഹചര്യത്തിൽ കൂടിയാണ് സുരക്ഷ കണക്കിലെടുത്ത് നിരോധനാജ്ഞ നടപ്പാക്കിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു.
അതിനിടയിൽ സിംഗൂർ ബോർഡറിൽ വെച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചൂക്കിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് നടപടി. വാങ്ചൂക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 'താന്നേയും ഒപ്പമുള്ള 150 ഓളം വരുന്ന ആളുകളേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. മുതിർന്ന സ്ത്രീകൾ അടക്കമുള്ളവരെയണ് പോലീസ് കസ്റ്റഡിയിൽ ഉളളത്. ഞങ്ങളുടെ വിധി എന്താകുമെന്ന് അറിയില്ല. ഗാന്ധി സമാധിയിലേക്ക് സമാധാനപരമായി മാർച്ച് നടത്തുകയായിരുന്നു തങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഇത് നടക്കുന്നത്', അദ്ദേഹം കുറിച്ചു.
തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി ലഡാക് അധികൃതരുമായി കേന്ദ്രസർക്കാർ ചർച്ചകൾ പുനഃരാരംഭിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ലേയിൽ നിന്നും ഡൽഹിയിലേക്ക് കാൽനട യാത്ര നടത്തുകയായിരുന്നു വാങ്ചൂക്കും സംഘവും. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും പ്രാദേശിക ഭൂമിയും സാംസ്കാരവും സ്വത്വവും സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുകയും വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
അതേസമയം വാങ്ചൂക്കിന്റെ കസ്റ്റഡിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കസ്റ്റഡിയിൽ അപലപിക്കുന്നുവെന്നും ഒരിക്കലും അംഗീകരിക്കാനാകാത്തതാണ് പോലീസ് നടപടിയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനാപരമായ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച്. എന്തിന് വേണ്ടിയാണ് പ്രായമായ ഇത്രയും പേരടങ്ങുന്ന സംഘത്തെ കസ്റ്റഡിയിൽ എടുത്തത്, കർഷക സമരം പോലെ തന്നെ മോദിയുടെ ഈ ചക്രവ്യൂഹത്തേയും തങ്ങൾ ഭേദിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications