ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; സ്‌കൂളുകളും കോളജുകളും അടച്ചു, നിരോധനാജ്ഞ
ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. 23കാരനായ ഹര്‍ഷയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. ഹിജാബ് സമരം ശക്തമായിരുന്ന സ്ഥലമാണ് ശിവമോഗ. ഇവിടെയുള്ള കോളജുകളില്‍ വലിയ പ്രതിഷേധം നടന്നിരുന്നു.
ഞായറാഴ്ച രാത്രിയാണ് ഹര്‍ഷക്കെതിരെ ആക്രമണമുണ്ടായത്. ഭാരതി കോളിനിയിലെ രവി വര്‍മ ലൈനില്‍ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് കാരണം അവ്യക്തമാണ്. കൊലപാതകത്തെ തുടര്‍ന്ന് ബജ്‌റംഗ്ള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. പ്രകടനത്തിനിടെ കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശിവമോഗയിലെത്തി കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ കണ്ടു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

23കാരനാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. എല്ലാവരും ശാന്തരാകണം. ആരും നിയമം കൈയ്യിലെടുക്കരുത്. പോലീസ് വൈകാതെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. ശിവമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഡിസിപി സെല്‍വമണി പ്രതികരിച്ചു. പോലീസ് പ്രത്യേക സംഘങ്ങളായി കേസ് അന്വേഷിച്ചുവരികയാണ്. സ്‌കൂളുകളും കോളജുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സെല്‍വമണി പറഞ്ഞു. പ്രതികളെ കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. വികാരപരമായി ജനങ്ങള്‍ പ്രതികരിക്കരുത്. പോലീസുമായി സഹകരിക്കണമെന്നും എസ്പി ബിഎം ലക്ഷ്മി പ്രസാദ് അഭ്യര്‍ഥിച്ചു.
അതേസമയം, കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ഗുണ്ടകളാണ് എന്ന് മന്ത്രി കെഎസ് ഈശ്വരപ്പ ആരോപിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആണ് കൊലപാതകം നടത്തിയവരെ പ്രകോപിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഹിജാബ് വിവാദത്തിനിടെ സ്‌കൂളിലെ കൊടിമരത്തില്‍ നിന്ന് ദേശീയ പതാക മാറ്റി കാവിക്കൊടി നാട്ടിയെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകളാണ് മുസ്ലിം ഗുണ്ടകളെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശിവമോഗയിലെ കോളജില്‍ ദേശീയ പതാക മാറ്റി കാവിക്കൊടി മാറ്റിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് തള്ളുകയാണ് ചെയ്തത്. ഒരു പതാകയുമില്ലാത്ത കൊടിമരത്തിലാണ് കാവിക്കൊടി കെട്ടിയത് എന്ന് പോലീസ് വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ സംഭവവും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകവും തമ്മില്‍ എങ്ങനെയാണ് ബന്ധമെന്ന് മന്ത്രി പറഞ്ഞില്ല. അതേസമയം, ഹിജാബ് സമരവും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതവും തമ്മില്‍ ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പ്രതികരിച്ചു. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ കാര്യം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications