'ഔറംഗാബാദ്, നാരായണ്‍ ധാം എന്നാക്കണം'; വാരാണസിയിലെ മുസ്ലീം സ്ഥലപേരുകള്‍ മാറ്റാന്‍ നീക്കം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരാണസി നഗരത്തിലുള്ള അന്‍പതോളം പ്രദേശങ്ങളുടെ പേരുകള്‍ മാറ്റാന്‍ നിര്‍ദേശവുമായി സംസ്‌കൃത പണ്ഡിതര്‍. മുസ്ലീം പേരുകള്‍ ഉള്‍പ്പെടെ മാറ്റണമെന്നാണ് പ്രാദേശിക സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ നാമത്തിലുള്ള സ്ഥലപ്പേര് മാറ്റണമെന്നാണ് പ്രധാന നിര്‍ദേശം. അതിനു പകരം ഈ പ്രദേശങ്ങള്‍ക്ക് ഹിന്ദു ദേവീദേവന്മാരുടെയും ഹിന്ദു ദൈവീക ബിംബങ്ങളുമായി ബന്ധപ്പെട്ട നാമങ്ങള്‍ ഇടാനും ആവശ്യപ്പെടുന്നു.
പുതിയ നീക്കത്തെ വിവിധ ഹിന്ദു സംഘടനകള്‍ പിന്തുണച്ചതോടെ വിവാദത്തിനും തിരികൊളുത്തിക്കഴിഞ്ഞു. വാരാണസി ലോക്‌സഭാ മണ്ഡലത്തിന്റെ കീഴിലാണ് ഈ പ്രദേശങ്ങള്‍ വരുന്നത്. മുഗള്‍ ഭരണാധികാരികളുടെ കാലം മുതല്‍ നിലവിലുള്ള മുസ്‌ലിം പേരുകള്‍ മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്‌കൃത പണ്ഡിതര്‍ വാരാണസി മുന്‍സിപ്പല്‍ കോര്‍പറേഷന് അയച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത്.

ഔറംഗാബാദ് എന്ന സ്ഥലത്തിന്റെ പേര് നാരായണ്‍ ധാം എന്നാക്കി മാറ്റാനാണ് നിര്‍ദേശമുള്ളത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, ഖാലിസ്പുര്‍, കസാഖ്പുര എന്നിവയാണ് പേരുമാറ്റം നിര്‍ദേശിക്കപ്പെട്ട മറ്റു പ്രധാന സ്ഥലങ്ങള്‍. ഖാലിസ്പുരിനെ ബ്രഹ്‌മതീര്‍ത്ഥ് എന്നും കസാഖ്പുരയെ അനാരക് തീര്‍ത്ഥ് എന്നും മദന്‍പുരയെ പുഷ്പദന്തേശ്വര്‍ എന്നും പുനര്‍നാമകരണം ചെയ്യണം. സംസ്‌കൃത ഭാഷ, സനാതന ധര്‍മ്മം, വേദസാഹിത്യം എന്നിവ പഠിപ്പിക്കുന്ന വാരാണസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിതരാണ് ഈ പേരുകള്‍ നിര്‍ദേശിച്ചത്.
മുസ്ലിം ഭരണാധികാരികളുമായി ബന്ധപ്പെട്ട പേരുകള്‍ തിരുത്തി ഹിന്ദു ദേവീദേവന്മാരുടെയും മഹത് വ്യക്തികളുടെയും പേരുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നേരത്തെയും രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാരാണസി മേയര്‍ക്ക് മെമ്മോറാണ്ടവും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, ഇത്തരത്തില്‍ പേരുകള്‍ മാറ്റുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഹാജരാക്കാന്‍ കാശിയിലെ പണ്ഡിതന്മാരോട് മേയര്‍ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വാരാണസിയിലെ ഈ പ്രദേശങ്ങളുടെ പേര് മാറ്റാനുള്ള നിര്‍ദേശത്തെ ഹിന്ദു സംഘടനകള്‍ സ്വാഗതം ചെയ്തു. അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ആദ്യ ഭരണകാലത്ത് സംസ്ഥാനത്തെ ചില ജില്ലകളുടെ പേരുകള്‍ മാറ്റിയിരുന്നു.












Click it and Unblock the Notifications