ബിജെപി സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം: പട്യാലയില്‍ കർഷകന്‍ കുഴഞ്ഞുവീണ് മരിച്ചു
പട്യാല: പഞ്ചാബില്‍ വീണ്ടും കർഷക മരണം. പട്യാല ലോക്സഭ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി പ്രണീത് കൗറിനെതിരെ പ്രതിഷേധം നടത്തുന്നതിന് ഇടയില്‍ കർഷകന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. രാജ്പുരയ്ക്ക് സമീപമുള്ള സെഹ്‌റയിൽ ബി ജെ പി സ്ഥാനാർത്ഥി പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു കർഷകരുടെ പ്രതിഷേധം.
സ്വകാര്യ വാഹനത്തില്‍ പ്രദേശത്തേക്ക് വന്നിറങ്ങിയ പ്രണീത് കൗറിനെതിരെ കർഷകർ വലിയ തോതില്‍ പ്രതിഷേധം ഉയർത്തുകയായിരുന്നു. കനത്ത സുരക്ഷ ഒരുക്കിയ പൊലീസ് കർഷകരെ തള്ളി മാറ്റി നേതാവിനെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് 45 കാരനായ സുരീന്ദർപാൽ സിംഗ് കുഴഞ്ഞ് വീഴുന്നത്. സംഭവ സമയത്ത് വലിയ പൊലീസ് സന്നാഹം പ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും അവർ ഒന്നും ചെയ്തില്ലെന്ന് കർഷക നേതാവ് തേജ്വീർ സിംഗ് ആരോപിച്ചു.

സുരീന്ദർപാൽ സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ അറിയാന്‍ ശ്രമിക്കുകയാണെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ചീഫ് സർവാൻ സിംഗ് പന്ദേർ പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ പ്രണീത് കൗർ ഇതുവരെ തയ്യാറായിട്ടില്ല.
പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദർ സിങ്ങിൻ്റെ ഭാര്യയായ പ്രണീത് കൗർ വ്യാഴാഴ്ചയാണ് ബി ജെ പിയിൽ ചേരുന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബി ജെ പിക്ക് പിന്തുണയും നൽകിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പട്യാലയിൽ നിന്നുള്ള എംപിയായ പ്രണീതിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, നേതാവ് തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൗറിൻ്റെ ബി ജെ പി പ്രവേശനം.
1999 ലാണ് പ്രണീത് കൗർ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ പട്യാലയില്‍ നിന്നും മത്സരിക്കുന്നത്. 2004 ലും 2009 ലും അവർക്ക് വിജയം നേടാന്‍ സാധിച്ചു. 2014 ല്‍ എ എ എപിയുടെ ധരം വീര ഗാന്ധിയോട് പട്യാലയില്‍ ആദ്യമായി പ്രണീത് ആദ്യമായി പരാജയപ്പെട്ടു. എന്നാല്‍ 2019 ല്‍ ഇതേ ധരം വീര ഗാന്ധിയെ പരാജയപ്പെടുത്തി പ്രണീത് കോണ്‍ഗ്രസിന് വേണ്ടി സീറ്റ് തിരിച്ച് പിടിച്ചു. 1.62 ലക്ഷത്തിനായിരുന്നു പ്രണീതിന്റെ വിജയം.
അമരീന്ദർ സിങ് കോണ്‍ഗ്രസിനോട് ഇടഞ്ഞത് മുതലാണ് പ്രണീതും പാർട്ടിയില്‍ നിന്നും അകലുന്നത്. ബി ജെ പി സ്ഥാനാർത്ഥിയായി പ്രണീത് പട്യാലയില്‍ നിന്നും ജനവിധി തേടുമ്പോള്‍ എ എ പിയുടെ ബല്‍ബിർ സിങാണ് പ്രധാന എതിരാണ്. പ്രണീത് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയപ്പോള്‍ ധരം വീര ഗാന്ധി ഇതിനിടയില്‍ എ എ പി വിട്ട് കോണ്‍ഗ്രസിലെത്തി. ഇദ്ദേഹത്തേയാണ് കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ശിരോമണി അകാലിദളിന് വേണ്ടി നരീന്ദർ കുമാർ ശർമ്മയും മത്സര രംഗത്തുണ്ട്.












Click it and Unblock the Notifications