പുലര്‍ച്ചെ രണ്ട് മണിക്ക് പ്രതിഷേധം; ലൗലി സര്‍വകലാശാല അടിച്ചു തകര്‍ത്ത് വിദ്യാര്‍ഥികള്‍, ഹൈവേ തടഞ്ഞു
വിദ്യാര്‍ഥിനി ബലാല്‍സംഗത്തിന് ഇരയായി ആത്മഹത്യ ചെയ്തുവെന്ന പ്രചാരണമുണ്ടായ പിന്നാലെ വിദ്യാര്‍ഥി പ്രതിഷേധം. പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല (എല്‍പിയു) യിലാണ് സംഘര്‍ഷം. വിദ്യര്‍ഥിനിയുടെ മരണ കാരണം കൂട്ട ബലാല്‍സംഗമാണ് എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ച പിന്നാലെ വിദ്യാര്‍ഥികള്‍ സംഘടിക്കുകയായിരുന്നു.
ശനിയാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം രണ്ട് മണിയോടെ വിദ്യാര്‍ഥികള്‍ ഹൈവേ തടഞ്ഞു. ശേഷം ക്യാമ്പസില്‍ കയറി ജനലും വാതിലും ചെടികളും നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീയിട്ടു. ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിച്ചു. ഛണ്ഡീഗഡ്-അമൃതസര്‍ ദേശീയ പാത തടഞ്ഞ പ്രതിഷേധക്കാര്‍ ലുധിയാന-ജലന്ധര്‍ പാതയും ഉപരോധിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിദ്യാര്‍ഥിനി ക്യാമ്പസിനോട് ചേര്‍ന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ക്യാമ്പസില്‍ ജോലി ചെയ്തിരുന്ന ഇലക്ട്രീഷ്യനും മറ്റു ചിലരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചെങ്കിലും സര്‍വകലാശാല അധികൃതര്‍ ഇടപെട്ട് എല്ലാം രഹസ്യമാക്കുകയായിരുന്നുവത്രെ. എന്നാല്‍ പോലീസ് ഈ പ്രചാരണം തള്ളുന്നു.
ആരോപിക്കപ്പെടുന്ന പോലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസും പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥികളുമായി പോലീസ് സംസാരിച്ചു. കപുര്‍ത്തല എസ്പി ഗൗരവ് ടൂറ സംഭവസ്ഥലത്തെത്തി റോഡിലെ തടസങ്ങള്‍ നീക്കി. വിദ്യാര്‍ഥികളെ ശാന്തരാക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട പ്രചാരണമുണ്ടായത്. 2000ത്തോളം വിദ്യാര്‍ഥികളാണ് തുടര്‍ന്ന് സംഘടിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് അവരുടെ വാദം. ക്യാമ്പസിലെ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് അഞ്ച് ദിവസം മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറഞ്ഞു.
സാമൂഹിക വിരുദ്ധരാണ് വ്യാജ പ്രചാരണം നടത്തിയത് എന്നാണ് സര്‍വകലാശാല ആരോപിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇത് വിശ്വസിക്കരുത് എന്ന് എല്‍പിയു രജിസ്ട്രാര്‍ ഡോ. മോണിക്ക ഗുലാത്തി അഭ്യര്‍ഥിച്ചു. പുറത്തുള്ളവരുടെ പ്രചാരണത്തില്‍ വീഴരുത്. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications
