ഉത്തർപ്രദേശിൽ വ്യാപക അക്രമം, പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, പോലീസ് വാഹനം കത്തിച്ചു
ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ വ്യാപക സംഘർഷം. യുപിയിലെ ഏഴോളം ജില്ലകളിൽ വ്യാപക സംഘർഷം ഉണ്ടായി. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിക്കുകയും പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
മുസാഫർഗനർ, ബഹ്റെച്ച്, ഗൊരഖ്പൂർ, ഫിറോസാബാദ, അലിഗഡ്, ഫറുഖാബാദ്, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. പോലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗൊരഖ്പൂരിൽ പോലീസുംകാരും പ്രതിഷേധക്കാരും തമ്മിൽ കല്ലേറുണ്ടായി.
ബുലന്ദ്ഷഹറിൽ പ്രതിഷേധക്കാർ പോലീസ് വാഹനം അഗ്നിക്കിരയാക്കി. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. ലഖ്നോവിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. ലഖ്നോവിൽ വെള്ളിയാഴ്ച പ്രതിഷേധങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ലഖ്നോവിൽ കട കമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.

ദില്ലിയിലെ ജമാ മസ്ജിദിന് മുമ്പിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകിയ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ജമാമസ്ജിദിൽ നിന്നും ജന്തർ മന്ദിറിലേക്ക് പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു.












Click it and Unblock the Notifications