ദില്ലിയിലെ സംഘര്‍ഷം: എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡ് അക്രമാസക്തമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയുടെ വടക്കൻ അതിർത്തി, റിപ്പബ്ലിക് ദിന പരേഡ് റൂട്ടിലുള്ള പ്രദേശങ്ങൾ, ഇന്ത്യാ ഗേറ്റിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവ വഴിയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും യുഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് നിര്‍ദേശം ദില്ലിയിലെ എംബസിക്കും രാജ്യത്തെ വിവിധ ഇടങ്ങളിലെ കോണ്‍സുലേറ്റുകള്‍ക്കും കൈമാറി.
യു എ ഇയിലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടന്നത് വെര്‍ച്വലായി; ചരിത്രത്തില്‍ ആദ്യം
അതേസമയം പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങിയെങ്കിലും നിരവധി കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും തുടരുന്നുണ്ട്. 15000 ത്തിലേറെ പ്രതിഷേധക്കാര്‍ ഇപ്പോഴും ദില്ലിയില്‍ തുടരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദില്ലിയിൽ ഉണ്ടായ അക്രമത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഹരിയാനയിലെ സോണിപട്ട്, ജജ്ജർ, പൽവാൾ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ബുധനാഴ്ച വൈകുന്നേരം 5 മണി വരെയാണ് വിലക്ക്. ഈ സമയത്ത് വോയ്സ് കോളുകൾ മാത്രമേ പ്രവർത്തിക്കൂ എന്ന് ഹരിയാന ചീഫ് സെക്രട്ടറി രാജീവ് അറോറ പറഞ്ഞു.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സിംഘു അടക്കമുള്ള ദില്ലിയുടെ അഞ്ച് അതിര്‍ത്തികളിലും ആഭ്യന്തര വകുപിന്റെ നിര്‍ദേശം അനുസരിച്ച് നേരത്ത ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. അതേസമയം, ദില്ലി പൊലീസിനൊപ്പം 15 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ ദില്ലി അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പൊലിസും തമ്മില്‍ വലിയ തോതില്‍ ഏറ്റമുട്ടല്‍ ഉണ്ടായിട്ടുള്ള ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തിയത്.