പൗരത്വ നിയമ ഭേദഗതി, ദില്ലിയിൽ വ്യാപക പ്രതിഷേധം, യുപി ഭവന് മുന്നിൽ സംഘർഷം, നിരവധി പേർ കസ്റ്റഡിയിൽ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ദില്ലിയിൽ വ്യാപക സംഘർഷം. ദില്ലി കല്യാൺ മാർഗിലുള്ള യുപി ഭവന് മുമ്പിൽ സംഘർഷമുണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ ക്രൂരമായ നടപടികളുണ്ടായി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷന് മുമ്പിലും വലിയ പ്രതിഷേധങ്ങളുണ്ടായി.
പ്രതിഷേധത്തെ തുടർന്ന് ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ അടച്ചു. മുൻ ബിജെപി നേതാവ് ഉദിത് രാജ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധം നടക്കുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് യുപി ഭവന് മുന്നിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും യുപി ഭവന് മുന്നേലേക്കുള്ള പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകൾ തീർക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് മറികടന്ന് പ്രതിഷേധക്കാർ എത്തുകയായിരുന്നു.

ജാമിയ സർവകലാശാലയിലെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് യുപി ഭവന് മുന്നിൽ പ്രതിഷേധം നടന്നത്. നിരോധനാജ്ഞ ലംഘിച്ച് ദില്ലി ജമാ മസ്ജിദിന് പുറത്തും പ്രതിഷേധം നടന്നിരുന്നു. മന്ദിർ മാർഗിലേക്ക് വിദ്യാർത്ഥികളുമായി വന്ന ബസുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അസം ഭവന് മുന്നിൽ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയിവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ യുപിയിൽ മാത്രം 21 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications