സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്
ചണ്ഡീഗഡ്: സിഖുകാരുടെ പുണ്യ സ്ഥലമായ സുവര്‍ണ ക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്ക്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷിക ദിനമായ ജൂണ്‍ 6 ശനിയാഴ്ച വൈകുന്നേരമാണ് ക്ഷേത്രത്തിനകത്ത് സംഘര്‍ഷമുണ്ടായത്. ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള എസ്.ജി.പി.സി (ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി) പ്രവര്‍ത്തകരും സിഖ് പുരോഗമനവാദികളായ ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ക്ഷത്രത്തിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശിരോമണി അകാലി ദളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സുവര്‍ണ ക്ഷേത്രത്തിനടുത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് വന്‍ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പുറത്ത് ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിഷേധക്കാരെ തടഞ്ഞു. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് സിഖുകാര്‍ വികാരപരമായി പ്രതികരിച്ചാല്‍ ആളപായമുണ്ടായേക്കുമെന്ന് പോലീസ് ഭയപ്പെടുന്നുണ്ട്.
ക്ഷേത്രത്തിലെ ചില അവകാശ തര്‍ക്കങ്ങളുടെ പേരില്‍ നേരത്തെയും ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. പരമ്പരാഗതമായ ആയുധമായ വാളുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം കൊമ്പു കോര്‍ത്തിരുന്നത്. കഴിഞ്ഞവര്‍ഷവും ഇതേദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.












Click it and Unblock the Notifications