വാരണാസിയിൽ പ്രോട്ടോക്കോൾ വീഴ്ച ഉണ്ടായി; അഖിലേഷ് യാദവിന്റെ ആരോപണം സമ്മതിച്ച് ഉദ്യോഗസ്ഥൻ
വാരണാസി: ഉത്തർപ്രദേശിലെ വാരണസിയിൽ വോട്ടെണ്ണലിന് മുൻപ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അനധികൃതമായി നീക്കിയെന്ന അഖിലേഷ് യാദവിന്റെ വിവാദ ആരോപണം സമ്മതിച്ച് ഉദ്യോ ഗസ്ഥൻ. കഴിഞ്ഞ ദിവസം വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിച്ച വാരണാസി കമ്മീഷണർ ദീപക് അഗർവാളാണ് ഇക്കാര്യം സമ്മതിച്ചത്.
"സ്ഥലത്തെ പ്രോട്ടോക്കോളിൽ വീഴ്ചയുണ്ടായി സമ്മതിക്കുന്നു. എന്നാൽ ചോദ്യം ചെയ്യപ്പെട്ട മിഷനുകൾ പരിശീലന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയായിരുന്നു. വോട്ടിംഗിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ എടുത്തുകളയുന്നത് അസാധ്യമാണ്. ഇക്കാര്യം നിങ്ങൾക്ക് ഉറപ്പ് തരുന്നു." ദീപക് അഗർവാൾ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉണ്ടായിരുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മീഷണറുടെ പ്രതികരണത്തെത്തുടർന്ന് പ്രോട്ടോക്കോൾ പാലിച്ചിട്ടില്ലെന്ന് ഉദ്യോ ഗസ്ഥർ സമ്മതിക്കുന്നതായി സമാജ്‌വാദി പാർട്ടി ട്വിറ്ററിൽ കുറിച്ചു. "വിവിധ ജില്ലകളിലെ ഇവിഎമ്മുകളിൽ നിയമലംഘനം നടന്നതായി വിവരമുണ്ട്. ആരുടെ ഉത്തരവിലാണ് ഇത് നടക്കുന്നത്? ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ (യോഗി ആദിത്യനാഥ്) ഓഫീസിൽ നിന്ന് സമ്മർദ്ദത്തിലാണോ? തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം," ഇങ്ങനെ ആയിരുന്നു എസ്പിയുടെ ട്വീറ്റ്.
ചൊവ്വാഴ്ച ഭരണകക്ഷിയായ ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച അഖിലേഷ് യാദവ് മൂന്ന് ട്രക്കുകളിലായി വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇവിഎമ്മുകൾ നീക്കിയെന്നും. വാരണാസിയിൽ തന്റെ പാർട്ടി പ്രവർത്തകർ ട്രക്കുകളിലൊന്ന് തടഞ്ഞുവെച്ചു എന്നും പറഞ്ഞു. സർക്കാർ വോട്ട് തട്ടാൻ ശ്രമിക്കുന്നില്ലെങ്കിൽ, ഇവിഎമ്മുകൾ നീക്കുമ്പോൾ എന്തുകൊണ്ട് സുരക്ഷയില്ലെന്ന് അവർ വിശദീകരിക്കണം എന്നും സമാജ്‌വാദി തലവൻ പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥിയുടെ വിജയസാധ്യത കുറവായ സ്ഥലങ്ങളിലെ വോട്ടെണ്ണൽ മന്ദഗതിയിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 2017ലെ തെരഞ്ഞെടുപ്പിൽ 5,000 വോട്ടിന് താഴെയുള്ള ബിജെപിയുടെ മാർജിൻ വിജയിച്ച 47 സീറ്റുകളിലേക്കാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
എന്നാൽ ബിജെപി നേതാവും യുപി ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി അധ്യക്ഷന്റെ ആരോപണം തള്ളിക്കൊണ്ട് രം ഗത്ത് വന്നു. "അഖിലേഷ് ക്ഷമയോടെ കാത്തിരിക്കണം. മാർച്ച് പത്തിന് അറിയാൻ സാധിക്കും ഇവിഎമ്മിൽ എന്താണ് ഉള്ളതെന്ന്" മൗര്യ പറഞ്ഞു.
ഒരു മാസത്തെ തിരഞ്ഞെടുപ്പിന് ശേഷം, വ്യാഴാഴ്ച വോട്ടെണ്ണുമ്പോൾ ഉത്തർപ്രദേശിലും മറ്റ് നാല് സംസ്ഥാനങ്ങളിലും നാളെ ഫലം പ്രഖ്യാപിക്കും. ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ വിജയമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. അഖിലേഷ് യാദവിന്റെ പാർട്ടി യുപിയിൽ രണ്ടാമതെത്തും എന്നും എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications