പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു: ഇഒഎസ്-09 ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായില്ല
ദില്ലി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പി എസ് എല്‍ വി സി-61 ന്റെ വിക്ഷേപണം പരാജയപ്പെട്ടു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09-നെ ഭ്രമണപഥത്തിൽ എത്തികാന്‍ സാധിച്ചില്ല. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത സാങ്കേതിക പ്രശ്നങ്ങളാണ് ദൗത്യം വിജയിക്കാതിരുന്നതിന് കാരണം. ദൗത്യം ലക്ഷ്യം കാണാത്തതായി ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി. നാരായണൻ സ്ഥിരീകരിച്ചു.
ഐ എസ് ആർ ഒയുടെ 101-ാമത് വിക്ഷേപണവും പി എസ് എല്‍ വി റോക്കറ്റിന്റെ 63-ാമത് ദൗത്യവുമായിരുന്നു ഇത്. അപൂർവ്വമായിട്ട് മാത്രമാണ്
പി എസ് എൽ വി ദൗത്യം പരാജയപ്പെടുന്നത്. എല്ലാ കാലാവസ്ഥയിലും ഉയർന്ന റെസല്യൂഷനോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്തുക, കൃഷി, ദുരന്തനിവാരണം, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്നതിന് തുടർച്ചയായ റിമോട്ട് സെൻസിംഗ് ഡാറ്റ ലഭ്യമാക്കുക, അതിർത്തികളിൽ നിരീക്ഷണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്.

പി എസ് എൽ വി റോക്കറ്റിന്റെ 22 മണിക്കൂർ കൗണ്ട്ഡൗൺ മെയ് 17-ന് രാവിലെ 7:59-ന് ആരംഭിച്ചിരുന്നു. ഐ എസ് ആർ ഓയുടെ വിശ്വസനീയമായ വിക്ഷേപണ വാഹനമായ പി എസ് എല്‍ വി 100-ലധികം വിജയകരമായ മിഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇ ഒ എസ്-09 2022-ൽ വിക്ഷേപിച്ച ഇ ഒ എസ്-04-ന്റെ തുടർച്ചയായ ഉപഗ്രഹമാണ്. RISAT-1-ന്റെ പൈതൃകത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിട്ടുള്ളത് കൂടിയാണ് ഇത്.
ഇ ഒ എസ്, സി-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ഉപയോഗിച്ച്, എല്ലാ കാലാവസ്ഥയിലും, പകലും രാത്രിയും ഭൂമിയുടെ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ഒരു ഭൂനിരീക്ഷണ ഉപഗ്രഹമാണ്. ഐ എസ് ആർ ഒ യുടെ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് പി എസ് എല്‍ വി - സി 61 റോക്കറ്റിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പ്രതീക്ഷിച്ചപോലെ പ്രവർത്തിച്ചു. എന്നാൽ, മൂന്നാം ഘട്ടത്തിൽ ഒരു സാങ്കേതിക പ്രശ്നം ഉണ്ടായതിനാൽ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ കഴിഞ്ഞില്ല.
"മൂന്നാം ഘട്ട മോട്ടോർ ശരിയായി പ്രവർത്തിച്ചെങ്കിലും, അതിന്റെ പ്രവർത്തനത്തിനിടെ ഒരു അനോമലി (anomaly) ഉണ്ടായി. ഇതുമൂലം മിഷൻ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. വിശദമായ വിശകലനത്തിന് ശേഷം ഞങ്ങൾ തിരിച്ചുവരും." ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.












Click it and Unblock the Notifications