വൃദ്ധകര്‍ഷകനെ പൊലീസ് ആക്രമിക്കുന്ന ചിത്രം പകര്‍ത്തി: ഫോട്ടോ ജേണലിസ്റ്റിനെതിരെ ആക്രമണം
ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന പഞ്ചാബില്‍ നിന്നുള്ള വൃദ്ധനായ കര്‍ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍ ലാത്തി വീശുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കു നേരെ ആക്രമം. പിടിഐ ഫോട്ടോ ജേണലിസ്റ്റും ഡല്‍ഹി സ്വദേശിയുമായ രവി ചൗധരിയാണ്, കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള ബൊലെറോയിലെത്തിയ സംഘം തന്നെ ആക്രമിച്ചതായി ട്വീറ്റ് ചെയ്തത്.
ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും ഉത്തര്‍പ്രദേശിലെ മുറാദ് നഗര്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് രവി ചൗധരി ട്വീറ്റ് ചെയ്തു.
'ബൈക്കില്‍ പോവുകയായിരുന്ന എന്നെ ഗംഗ കനാല്‍ റോഡില്‍ വെച്ച് അഞ്ചിലധികം പേര് ചേര്‍ന്ന് ആക്രമിച്ചു. UP 14 DN 9545 എന്ന നമ്പറിലുള്ള ബൊലെറോ കാറില്‍ ഭാരത് സര്‍ക്കാര്‍ എന്നെഴുതിയിരുന്നു. മുറാദ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു ഇനി എന്ത് ചെയ്യണം?' എന്നായിരുന്നു രവി ചൗധരി ട്വീറ്റ് ചെയ്തത്.
കര്‍ഷക സമരത്തനെതിരെ കേന്ദ്ര സര്‍ക്കാര്‍ അനുകൂല മാധ്യങ്ങളുടെ വിദ്വേഷ പ്രചരണത്തിന് പുറമേയാണ്. യഥാര്‍ഥ ചിത്രം പുറത്ത് വിട്ട മാധ്യപ്രവര്‍ത്തകനെതിരെ കയ്യേറ്റ ശ്രമം നടക്കുന്നത്.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം രാജ്യ തലസ്ഥാനത്ത് തുടരുകയാണ്. കേന്ദ്ര സര്‍ക്കാരുമായി കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. പുതിയ കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്ന നിലപാടിലാണ് കര്‍ഷകര്‍. നാളെ കര്‍ഷകര്‍ രാജ്യ വ്യാപകമായി കര്‍ഷക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.