പൊതുകടം വർധിച്ചു, 'ആന്ധ്രയ്ക്ക് കൂടുതൽ സഹായം വേണം'; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ആന്ധ്രപ്രദേശിന് കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപ്പുവിനും ഗ്രാമീണ വികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനിക്കുമൊപ്പമാണ് നായിഡു പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
പുതിയ തലസ്ഥാന വികസനത്തിനായി 15,000 കോടി രൂപ അനുവദിച്ചതുൾപ്പെടെയുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് കൂടിക്കാഴ്ചയിൽ നായിഡു പ്രധാനമന്ത്രി മോദിയ്ക്ക് നന്ദി അറിയിച്ചു. ആന്ധ്രയുടെ നിലവിലെ സാമ്പത്തിക സ്ഥിതി അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സാമ്പത്തിക വെല്ലുവിളികൾ നേരിടാനും ആഭ്യന്തരോത്പാദനം വർധിപ്പിക്കുന്നതിനും കൂടുതൽ കേന്ദ്രസഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ ആഭ്യന്തരമന്ത്രി അമിത് ഷായുമായും ധനമന്ത്രി നിർമ്മല സീതാരാമനുമായും നായിഡു കൂടിക്കാഴ്ച നടത്തിയേക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം, ആന്ധ്രാപ്രദേശിൻ്റെ പൊതുകടം 2019-20ൽ ജി ഡി പിയുടെ 33.32 ശതമാനമായി ഉയർന്നു. നേരത്തേ ഇത് 31.02 ശതമാനമായിരുന്നു.

കേന്ദ്ര ബജറ്റിൽ ആന്ധ്രയ്ക്ക് മോദി സർക്കാർ വാരിക്കോരി നൽകിയിരുന്നു. ഇതിനെ ചൊല്ലി വലിയ പ്രതിഷേധമാണ് പ്രതിപക്ഷ സംസ്ഥാനങ്ങൾ ഉയർത്തിയത്. അതിനിടയിലാണ് ഇപ്പോൾ കൂടുതൽ ആവശ്യങ്ങളുമായി നായിഡു കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. 16 സീറ്റുകളുള്ള ടി ഡി പിയാണ് എന്‍ ഡി എയില്‍ ബി ജെ പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാർട്ടി. അതുകൊണ്ട് തന്നെ ടി ഡി പിയെ ചൊടപ്പിച്ചാൽ അത് ബി ജെ പിക്ക് ക്ഷീണമാകും. ഈ സാഹചര്യത്തിൽ കേന്ദ്രം എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ടി ഡി പി എൻ ഡി എ വിട്ടിരുന്നു. എന്നാൽ തിരിച്ചുവരവിൽ തന്റെ ആവശ്യങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് ഇപ്പോൾ നായിഡു. ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജായിരുന്നു മോദി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. തലസ്ഥാനമായ അമരാവതിയുടെ വികസനത്തിനായി 15,000 കോടിയായിരുന്നു അനുവദിച്ചത്. മറ്റൊരു സഖ്യകക്ഷിയായ ജെ ഡി യുവിനും വമ്പൻ പദ്ധതികളായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇനിയും ടി ഡി പിയുടേയും ജെ ഡി യുവിന്റേയും ആവശ്യങ്ങൾക്ക് ബി ജെ പിക്ക് വഴങ്ങിയേ മതിയാകൂ.












Click it and Unblock the Notifications