പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞു; കൂടുതല്‍ കൈവശപ്പെടുത്തി ഡിഎംകെ
ചെന്നൈ: പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ ഡിഎംകെ മല്‍സരിക്കും. 15 സീറ്റില്‍ കോണ്‍ഗ്രസും 13 സീറ്റില്‍ ഡിഎംകെയും മല്‍സരിക്കും. ബാക്കി രണ്ടു സീറ്റുകള്‍ സഖ്യത്തിലെ ചെറുകക്ഷികള്‍ക്ക് നല്‍കാന്‍ മാറ്റിവച്ചു. 30 അംഗ നിയമസഭയാണ് പുതുച്ചേരിയിലേത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സഖ്യമാണ് ജനവിധി തേടുന്നത്. വിസികെ, സിപിഐ എന്നിവര്‍ക്ക് ഓരോ സീറ്റ് വീതം നല്‍കുമെന്നാണ് വിവരം.

2016ല്‍ 21 സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്. ഒമ്പത് സീറ്റില്‍ ഡിഎംകെയും. ഇത്തവണ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ നിലപാടെടുത്തു. കഴിഞ്ഞ കുറച്ചുദിവസമായി ചെന്നൈയില്‍ സീറ്റ് ചര്‍ച്ച നടക്കുകയായിരുന്നു. ഒടുവില്‍ ഡിഎംകെയുടെ ആവശ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങി. അടുത്തിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയതാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് ഭരണം വീഴാന്‍ കാരണം. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് പുതുച്ചേരി.
കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമായി എന്ന് ഡിഎംകെ പറയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നത് ഗുണം ചെയ്യില്ലെന്നും അവര്‍ പറയുന്നു. 2016ല്‍ 21 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 15 സീറ്റില്‍ ജയിച്ചിരുന്നു. ഒമ്പത് സീറ്റില്‍ മല്‍സരിച്ച ഡിഎംകെ രണ്ടു സീറ്റില്‍ മാത്രമാണ് ജയിച്ചിരുന്നത്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇനി സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് ഇരുപാര്‍ട്ടികളും.












Click it and Unblock the Notifications