മുൻ മുഖ്യമന്ത്രിക്ക് സീറ്റില്ല; നാരായണ സ്വാമിയെ ഒഴിവാക്കി പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക
കോൺഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളിൽ 14 എണ്ണത്തിലെ സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്
പുതുച്ചേരി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. അതേസമയം രാജിവെച്ച മുൻമുഖ്യമന്ത്രി വി.നാരായണസ്വാമി സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചില്ല. നാരായണ സ്വാമി ഇത്തവണ മത്സരിക്കില്ലെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ഡു റാവു വ്യക്തമാക്കി.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

"മുൻമുഖ്യമന്ത്രി വി.നാരായണ സ്വാമി 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനും സംഘാനത്തിനും മേൽനോട്ടം വഹിക്കും," ദിനേശ് വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കോൺഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളിൽ 14 എണ്ണത്തിലെ സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. യാനം മണ്ഡലത്തിലാണ് സ്ഥാനാർഥി സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനത്തിലെത്തത്തത്. കോൺഗ്രസ് വിട്ട് എൻആർ കോൺഗ്രസിൽ ചേർന്ന മല്ലടി കൃഷ്ണ റാവുവിന്റെ ശക്തി കേന്ദ്രമാണ്.
ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനെ സ്റ്റാലിൻ നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിശേഷിപ്പിച്ചിരുന്ന നേതാവായിരുന്നു നാരായണസ്വാമി. അതേസമയം നാരായണസ്വാമിയെ ഒഴിവാക്കിയതിനെതിരെ പുതുച്ചേരി കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയെന്നും സീറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി.
2016ലും നാരായണ സ്വാമി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടി ഭൂരിപക്ഷം നേടിയതോടെ ഹൈക്കമാൻഡ് ഇടപ്പെട്ടാണ് നാരായണ സ്വാമി മുഖ്യമന്ത്രിയായത്. ഇതിനെതിരായ അമർഷമാണു പുകഞ്ഞ് പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേരുന്നതിനും സർക്കാരിന്റെ വീഴ്ചയ്ക്കും കാരണമായത്. നാരായണ സാമിയുടെ പ്രവർത്തന ശൈലിക്കെതിരെ വിമർശനമുയർത്തിയാണു പല എംഎൽഎമാരും പാർട്ടി വിട്ടത്.












Click it and Unblock the Notifications