പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമില്ല; സര്‍ക്കാരിന് നോട്ടീസ്
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തില്ല. സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. രണ്ടാഴ്ചക്കകം സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം. അതിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സുനി ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. നാലാം പ്രതി വിജീഷ് രണ്ടാഴ്ച മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്.

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്. പിന്നീടാണ് കേസില്‍ ദിലീപിനുള്ള പങ്ക് ചര്‍ച്ചയായതും എട്ടാം പ്രതിയായതും.
ദിവസങ്ങള്‍ക്ക് മുമ്പ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. കഴിഞ്ഞ മാസം ആദ്യത്തില്‍ രണ്ടാം പ്രതി മാര്‍ട്ടിനും ജാമ്യം കിട്ടി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മാര്‍ട്ടിന് ജാമ്യം കിട്ടിയത്. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മണികണ്ഠനും മാര്‍ട്ടിനും ജാമ്യം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വിജീഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപുമായി തനിക്ക് ബന്ധമില്ലെന്ന് വിജീഷ് പറയുന്നു. എന്നാല്‍ സുനിയെ നേരത്തെ അറിയാമെന്നും വിജീഷ് പറഞ്ഞു. അതേസമയം, സുനിയാണ് മറ്റുള്ളവരെ കൃത്യം ചെയ്യാന്‍ ഏകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ദിലീപിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ട് എന്നായിരുന്നു ആരോപണം. കേസില്‍ തുടരന്വേണത്തിന് ഒന്നര മാസം കൂടി അനുവദിച്ച സാഹചര്യത്തില്‍ വിചാരണ ഇനിയും വൈകും. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നേരത്തെ വിവിധ ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞ കാലത്തിന് ബാക്കി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ദിലീപിനെതിരെ അടുത്തി സുനിയുടെ അമ്മയും രംഗത്തുവന്നിരുന്നു. തന്റെ മകന്‍ മോഹന വാഗ്ദാനങ്ങളില്‍ പെട്ടുപോയതാണ് എന്നായിരുന്നു അമ്മ ശോഭനയുടെ പ്രതികരണം.












Click it and Unblock the Notifications