പുല്‍വാമ ആക്രമണത്തില്‍ ഇരുട്ടില്‍ തപ്പി എന്‍ഐഎ: സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല
ദില്ലി: പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചയും കശ്മീരില്‍ റെയ്ഡ് നടത്തി. പുല്‍വാമ ജില്ലയിലെ കരീമാബാദിലാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത രണ്ട് തീവ്രവാദികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.
ഫെബ്രുവരി 26, പാകിസ്താന്റെ മണ്ണില്‍ ഇന്ത്യന്‍ സൈന്യം വിജയക്കൊടി നാട്ടിയ ദിനം
2019 ഫെബ്രുവരി 14ന് പുല്‍വാമയ്ക്കടുത്തുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വെച്ചാണ് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദിയായ ആദില്‍ അഹമ്മദ് ദര് എന്ന ഇരുപത്തിരുണ്ടുകാരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ച വാഹന വ്യൂനഹത്തിനിടയിലേക്ക് ഇടിച്ച് കയറ്റിയത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാധാരണയായി സൈനിക സ്റ്റോറുകളില്‍ കാണപ്പെടുന്ന വെടിമരുന്നുകളാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിരുന്നത്. അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്സ് എന്നിവ നിറച്ച കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. 25 കിലോ പ്ലാസ്റ്റിക്ക് സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലുകളില്‍ രണ്ട് പ്രധാന പ്രതികളായ മുദസിര്‍ അഹമ്മദ് ഖാന്, സജ്ജാദ്ദ് ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പുറമേ കാര്യമായ തുമ്പുകളൊന്നും ലഭിക്കാത്തതിനാല്‍ കേസില്‍ എന്‍ഐഎയ്ക്ക് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് 10 ദിവസം മുമ്പ് ഫെബ്രുവരി നാലാം തിയതിയാണ് അക്രമിയായ സജ്ജാദ് ഭട്ട് സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങുന്നത്.
മുദസിര്‍ അഹമ്മദ് ഖാന് ആണ് സ്ഫോടകവസ്തുക്കള്‍ ക്രമീകരിച്ചതെന്ന് എന്‍ഐഎ പറയുന്നു. ആക്രമണത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ ഇ മുഹമ്മദ് വീഡിയോ പുറത്തിറക്കി. 2018ല്‍ സംഘടനയില്‍ ചേര്‍ന്ന ദര് ആണ് ആക്രമണം നടത്തിയതെന്ന് ഈ വീഡിയോ വഴിയാണ് മനസ്സിലായത്. പുല്‍വാമയിലെ കാകപോറ സ്വദേശിയായിരുന്നു ഇയാള്‍.
വാഹനത്തിന്റെ ''എന്ജിന് ബ്ലോക്ക്'' പൊട്ടിത്തെറിച്ചതിനാല്‍ വീണ്ടെടുക്കാനായില്ലെന്നും സ്ഫോടനം നടന്ന സ്ഥലത്തിനടുത്തുള്ള നദിയില്‍ വീണതിനാല്‍ ഒഴുകിപോയതാകാമെന്നും വാദമുണ്ട്. മാത്രമല്ല അന്വേഷണത്തില്‍ തെളിവ് നല്കാന് സഹായിക്കുന്ന കുറ്റവാളികളെല്ലാം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ നിരവധി തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനമായി വാഹനം വാങ്ങിയ സജ്ജാദ് ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിടിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സജ്ജാദ്ദ് ജയ്ഷെയില്‍ ചേര്‍ന്നത്. കേസില്‍ ശേഖരിച്ച സാങ്കേതിക തെളിവുകള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ ഗൂഢാലോചന സ്ഥാപിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉറവിടങ്ങളും ഇതുവരെ കണ്ടെത്താന്‍ എന്‍ഐഎക്ക്. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് ശേഖരിച്ചത് തുടങ്ങിയ അന്വേഷണങ്ങള്‍ എല്ലാം തന്നെ ഇരുട്ടില്‍ തപ്പുകയാണ്.