പൂനെ ബലാത്സംഗക്കേസ്: 75 മണിക്കൂറിന് ശേഷം പ്രതി പിടിയില്‍
പൂനെ: പൂനെയിലെ സ്വാര്‍ഗേറ്റ് ഡിപ്പോയില്‍ ബസിനുള്ളില്‍ 26 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. പൂനെയിലെ ഷിരൂരില്‍ അര്‍ധരാത്രിയില്‍ നടത്തിയ വ്യാപകമായ പരിശോധനയ്ക്കിടെയാണ് പ്രതി ദത്താത്രേയ് രാംഗാസ് ഗഡെ എന്ന 37 കാരന്‍ പിടിയിലായത്. ഷിരൂര്‍ താലൂക്കിലെ ഒരു ഫാമില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഇന്നലെ മുതല്‍ പൂനെ പൊലീസിന്റെ 13 ടീമുകള്‍ ഇയാളെ തിരഞ്ഞു വരികയായിരുന്നു.
രാത്രി വൈകി ഭക്ഷണം കഴിക്കാനായി രാംദാസ് ഒരു വീട്ടിലേക്ക് പോയിരുന്നു. ഈ വീട്ടിലെ ആളാണ് പൊലീസിനെ വിവരമറിയിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാംദാസ്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് സതാര ജില്ലയിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ രാംദാസ് ബലാത്സംഗം ചെയ്തത്. സതാരയിലേക്കുള്ള ബസ് മറ്റൊരു പ്ലാറ്റ്ഫോമില്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ പെണ്‍കുട്ടിയെ മറ്റൊരിടത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു എസി ബസിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ബസിനുള്ളിലെ ലൈറ്റുകള്‍ ഓഫ് ചെയ്തിരുന്നതിനാല്‍ പെണ്‍കുട്ടി കയറാന്‍ മടിച്ചെങ്കിലും രാംദാസ് അവരെ ബസിലേക്ക് കയറ്റുകയായിരുന്നു. പിന്നാലെ രാംദാസ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പൂനെയിലെ ഗുണത് ഗ്രാമത്തില്‍ താമസിക്കുന്ന രാംദാസ് പൂനെ, അഹല്യനഗര്‍ ജില്ലകളിലായി അര ഡസന്‍ മോഷണം, കവര്‍ച്ച, മാല പിടിച്ചുപറി എന്നീ കേസുകളില്‍ പ്രതിയാണ്. 2019 മുതല്‍ ഒരു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. രാംദാസ് എവിടെയാണെന്ന് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഒരു ഹോട്ട്ലൈന്‍ നമ്പറും പുറത്തിറക്കിയിരുന്നു.
പൊലീസ് ഗുണത് ഗ്രാമത്തില്‍ കരിമ്പിന്‍ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡ്രോണുകളും ഡോഗ് സ്‌ക്വാഡുകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു. ഗ്രാമത്തില്‍ 100-ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (എംഎസ്ആര്‍ടിസി) ഏറ്റവും വലിയ ബസ് ഡിപ്പോകളില്‍ ഒന്നാണ് പൂനെയിലെ സ്വാര്‍ഗേറ്റ്.












Click it and Unblock the Notifications