'പാകിസ്താന്‍ സീരിയല്‍' കണ്ടതില്‍ അരിശം; ഭാര്യയെ കുത്തിയ യുവാവ് അറസ്റ്റില്‍
പൂനെ: പാകിസ്താന്‍ സീരിയല്‍ കണ്ട ഭാര്യയെ യുവാവ് കത്തികൊണ്ടു കുത്തി. ഭാര്യയുടെ പരാതിയില്‍ ആസിഫ് സത്താര്‍ നയാബ് എന്ന യുവാവ് അറസ്റ്റില്‍. പൂനെക്കടുത്ത സാലിസ്ബറി പാര്‍ക്ക് ഭാഗത്താണ് സംഭവം.
മൊബൈല്‍ ഫോണില്‍ ഭാര്യ പാകിസ്താന്‍ സീരിയല്‍ കാണുന്നുവെന്നാണ് യുവാവിന്റെ ആക്ഷേപം. ആസിഫ് സത്താര്‍ ചെറുകിട ബിസിനസുകാരനാണ്. ഭാര്യ ഇയാളോട് സംസാരിക്കാറേ ഇല്ല എന്ന ആസിഫ് സത്താര്‍ പറയുന്നു. മുഴുസമയം ഫോണില്‍ സീരിയല്‍ കാണുകയാണ് ഭാര്യ ചെയ്യുന്നതെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, ഭാര്യ ആസിഫ് സത്താറിനെതിരെ സ്വര്‍ഗേറ്റ് പോലീസില്‍ പരാതി നല്‍കി. ഇയാളെ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ടാണ് പ്രതി ഭാര്യയെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ നേരിയ വാക്കു തര്‍ക്കമുണ്ടായിരുന്നു. ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ വന്ന വേളയില്‍ ഭാര്യ മിണ്ടിയില്ല. കാരണം ചോദിച്ചിട്ടും പ്രതികരിച്ചില്ല. ഇതോടെ ആസിഫ് ബഹളംവെച്ചു.
ബഹളം സഹിക്കവയ്യാതെ ഭാര്യ കിടപ്പുമുറിയിലേക്ക് പോയി. ആസിഫ് അവിടെയും ചെന്നു. എന്നാല്‍ ഭാര്യ മൊബൈലില്‍ പാകിസ്താന്‍ സീരിയല്‍ കാണുകയും ആസിഫിനെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തു. ഇതോടെ അരിശംമൂത്ത പ്രതി കത്തിയെടുത്ത് ഭാര്യയുടെ കൈക്ക് കുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭാര്യയുടെ വിരല്‍ ഒടിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
എന്നാല്‍ 'പാകിസ്താന്‍ സീരിയല്‍' സംഭവത്തില്‍ കാര്യമായ വിഷയമല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. പ്രതിയെ ഭാര്യ ശ്രദ്ധിക്കാതിരിക്കുകയും മുഴുവന്‍ സമയം മൊബൈലില്‍ നോക്കിയിരിക്കുകയും ചെയ്തതാണ് തര്‍ക്കത്തിനും ആക്രമണത്തിനും കാരണമായതെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications