സോനു സൂദിന്റെ സഹോദരി കോണ്‍ഗ്രസില്‍; പഞ്ചാബില്‍ പണി തുടങ്ങി സിദ്ദുവും ടീമും
അമൃത്സര്‍: നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയുടെ സാന്നിധ്യത്തിലായിരുന്നു മാളവികയുടെ കോണ്‍ഗ്രസ് പ്രവേശനം. ഇതിന് ശേഷം പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു മാളവികയെ വീട്ടിലെത്തി കണ്ടു.
സോനു സൂദും ഈ സമയം വീട്ടിലുണ്ടായിരുന്നു. തന്റെ സഹോദരി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ സോനു സൂദ് പറഞ്ഞിരുന്നു, എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സോനു സൂദിനെ പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്. സോനു സൂദുമായി സംസാരിച്ച ശേഷമായിരുന്നു തീരുമാനം. താരം അടുത്തിടെ പഞ്ചാബിലെ നിരവധി രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തലായിരുന്നു തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന ഐക്കണ്‍ ആകുന്നതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ രാഷ്ട്രീയക്കാരുമായോ യാതൊരു ബന്ധമോ ഇല്ലാത്ത വ്യക്തിയെ ആണ് ആവശ്യം. 2020 നവംബറിലാണ് സോനു സൂദിനെ പഞ്ചാബിന്റെ സംസ്ഥാന ഐക്കണായി നിയമിച്ചിരുന്നത്.
മാളവിക സൂദ് സച്ചാര്‍, മോഗയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ സോനു സൂദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. സോനു സൂദിന്റെ സഹോദരി പാര്‍ട്ടിയിലെത്തിയത് കോണ്‍ഗ്രസിന് ഊര്‍ജമാകും. രാഷ്ട്രീയത്തിലേക്കില്ലെന്ന് സോനു സൂദ് പ്രഖ്യാപിച്ചെങ്കിലും സഹോദരിയുടെ പ്രചരണത്തിന് താരമെത്തുമെന്നുറപ്പമാണ്.
ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. സിനിമാ താരം എന്നതോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന ഇമേജ് കൂടിയുള്ള താരമാണ് സോനു സൂദ്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളില്‍ എത്തിക്കാന്‍ സോനു സൂദ് നടത്തിയ പ്രവര്‍ത്തനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
2020 ജൂലൈയില്‍ കിര്‍ഗിസ്ഥാനില്‍ കുടുങ്ങിയ 1,500-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വാരണാസിയിലെത്തിക്കാന്‍ സോനു സൂദ് ഒരു ചാര്‍ട്ടേഡ് ഫ്ളൈറ്റാണ് ഏര്‍പ്പാടാക്കിയത്. മോസ്‌കോയില്‍ കുടുങ്ങിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 101 മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഏര്‍പ്പാടാക്കി താരം നാട്ടിലെത്തിച്ചിരുന്നു. ഫ്രെബുവരി 14 നാണ് പഞ്ചാബില്‍ തെരഞ്ഞെടുക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം.
Punjab: State Congress chief Navjot Singh Sidhu meets actor Sonu Sood and his sister at his residence in Moga pic.twitter.com/8FWyPd9AsM
— ANI (@ANI) January 10, 2022












Click it and Unblock the Notifications