പ്രിയങ്ക മുഖ്യറോളില്‍; സിദ്ദു രാഹുല്‍ ഗാന്ധിയെ കണ്ടു... ഇരുവര്‍ക്കുമിടയില്‍ യാത്ര ചെയ്ത് പ്രിയങ്ക
ദില്ലി: പഞ്ചാബില്‍ വിമത സ്വരം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദു ഇന്ന് വൈകീട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. രാവിലെ പ്രിയങ്ക ഗാന്ധിയെ കണ്ട സിദ്ദു ദീര്‍ഘനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുലുമായി കൂടിക്കാഴ്ച്ചക്കെത്തിയത്. ദില്ലിയിലെ രാഹുലിന്റെ വസതിയില്‍ വൈകീട്ട് സിദ്ദുവെത്തി. എന്നാല്‍ എന്താണ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്ന് ലഭ്യമായിട്ടില്ല. അടുത്ത വര്‍ഷം നിമയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ദില്ലിയിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സിദ്ദു ദില്ലിയിലെത്തിയതും ഇന്ന് രാവിലെ പ്രിയങ്കയുടെ വീട്ടില്‍ ചര്‍ച്ചയ്ക്ക് വന്നതും. പ്രിയങ്കയും സിദ്ദുവുും തമ്മിലുള്ള ചര്‍ച്ച ഏറെ നേരം നീണ്ടു. പിന്നീട് പ്രിയങ്ക തനിച്ച് രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പോയി. തിരിച്ചെത്തി വീണ്ടും സിദ്ദുവുമായി ചര്‍ച്ച നടത്തി. ഈ അനുരഞ്ജനങ്ങള്‍ക്ക് ശേഷമാണ് സിദ്ദു വൈകീട്ട് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്.
പഞ്ചാബിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് 20ലധികം നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. തര്‍ക്ക പരിഹാരത്തിന് മൂന്നംഗ സമിതിയെ സോണിയ ഗാന്ധി നിയോഗിച്ചിട്ടുണ്ട്. സിദ്ദുവിനെ കൂടെ നിര്‍ത്തണമെന്നും അര്‍ഹമായ പരിഗണന നല്‍കണമെന്നുമാണ് സമിതി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാകാന്‍ സിദ്ദുവിന് താല്‍പ്പര്യമുണ്ടെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇതിനെ എതിര്‍ക്കുകയാണ്. നേരത്തെ അമരീന്ദറുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് സിദ്ദു രാജിവച്ചത്.












Click it and Unblock the Notifications