പഞ്ചാബില്‍ മൊത്തം രാഹുലിന്റെ ടീം, നേതൃത്വം പിടിച്ച് വിശ്വസ്തര്‍, സിദ്ദുവിന് റോളില്ല
ദില്ലി: പഞ്ചാബ് കോണ്‍ഗ്രസിന്റെ വന്‍ തോല്‍വിക്ക് ശേഷം അടിമുടി മാറി നേതൃത്വം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പുതിയ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ ടീമില്‍ നിന്നുള്ളവരാണ്. അടിമുടി വിഭാഗീയതയില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്ന പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനായിട്ടാണ് ഈ നീക്കം. അമരീന്ദര്‍ സിംഗ് രാജാ വാറിംഗിനെയാണ് പുതിയ സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നത്.
എഎപി തരംഗത്തിലും വീഴാതെ പിടിച്ച് നിന്ന നേതാവാണ് അമരീന്ദര്‍ സിംഗ് രാജാ വാറിംഗ്. നവജ്യോത് സിംഗ് സിദ്ദുവിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് സിംഗ് ബജ്വയെയും കൊണ്ടുവന്നു.

പ്രമുഖ ദളിത് നേതാവ് രാജ്കുമാര്‍ ചബ്ബേവാലയെ സഭാ ഉപനേതാവായും നിയമിച്ചിട്ടുണ്ട്. ഭരത് ഭൂഷണ്‍ അശുവാണ് വര്‍ക്കിംഗ് പ്രസിഡന്റ്. വാറിംഗ് അടക്കമുള്ള നേതാക്കള്‍ ഗാന്ധി കുടുംബവുമായി അടുത്ത് നില്‍ക്കുന്നവരാണ്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരാണ്. അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ജിഡര്‍ബഹയില്‍ നിന്നുള്ള നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ ചായ്‌വോ ഗ്രൂപ്പോ അദ്ദേഹത്തിനില്ല. ബാദല്‍ കുടുംബത്തെ തകര്‍ക്കുന്നതില്‍ വാറിംഗിനും പങ്കുണ്ട്. കോണ്‍ഗ്രസിന്റെ ജയിച്ച 18 എംഎല്‍എമാരില്‍ ഒരാളാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് ജഗമീത് സിംഗ് ബ്രാറില്‍ നിന്നാണ് രാഷ്ട്രീയത്തിന്റെ പടവുകള്‍ അദ്ദേഹം ചവിട്ടിക്കയറിയത്.

ജഗമീത് സിംഗ് ബ്രാറിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ അതേപടി പകര്‍ന്ന് കിട്ടിയത് അമരീന്ദര്‍ വാറിംഗിനാണ്. എന്നാല്‍ ജഗമീത് നേരത്തെ അകാലിദളിലേക്ക് കൂടുമാറി. പക്ഷേ മൗറില്‍ നിന്ന് മത്സരിച്ച് തോറ്റു. അമരീന്ദര്‍ ചന്നിയുടെ സര്‍ക്കാര്‍ ഗതാഗത മന്ത്രിയായിരുന്നു. സംസ്ഥാനത്തെ ഗതാഗത സര്‍വീസുകള്‍ ശക്തമാക്കി, സ്വകാര്യ ഇടപാടുകാരുടെ കുത്തക അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇടപെടലുകളും കേസുകളും അമരീന്ദറിനൊപ്പം നിന്നില്ല. സ്വകാര്യ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ഗതാഗത വകുപ്പിന്റെ വരുമാനം ഉയര്‍ത്താന്‍ സാധിച്ചത് അമരീന്ദര്‍ വാറിംഗിന്റെ മിടുക്കാണ്.

കാദിയാനില്‍ നിന്നുള്ള എംഎല്‍എ പ്രതാപ് സിംഗ് ബജ്വ പ്രതിപക്ഷ നേതാവായി മാറിയത് വലിയൊരു നേട്ടമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്. അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ മന്ത്രിയായിരുന്നു അദ്ദേഹം. 2002-2007 കാലഘട്ടത്തിലായിരുന്നു മന്ത്രി. 2013-2015 കാലയളവില്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമെത്തിയ ഇത്തവണത്തെ ഏക എംഎല്‍എയാണ് അദ്ദേഹം. പ്രതാപ് സിംഗിന്റെ പിതാവ് സത്‌നം സിംഗ് ബജ്വ നാല് തവണയാണ് എംഎല്‍എയായത്. സംസ്ഥാനത്തെ ഖലിസ്ഥാന്‍ തീവ്രവാദത്തിലാണ് സത്‌നം സിംഗ് കൊല്ലപ്പെടുന്നത്. 1962 മുതല്‍ തന്റെ കുടുംബം 12 തിരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നാണ് പ്രതാപ് സിംഗ് അവകാശപ്പെടുന്നത്.

2009ല്‍ ബിജെപിയുടെ പ്രമുഖ നേതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ വിനോദ് ഖന്നയെ പ്രതാപ് സിംഗ് പരാജയപ്പെടുത്തിയിരുന്നു. അന്ന് ഗുര്‍ദാസ്പൂരില്‍ വെച്ചായിരുന്നു മത്സരം. 2016ല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. പഞ്ചാബികളുടെയും സിഖുക്കാരുടെയും വിഷയങ്ങളാണ് പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും അദ്ദേഹം ഉയര്‍ത്തിയത്. കാര്‍ഷിക നിയമത്തെ അതിശക്തമായി അദ്ദേഹം എതിര്‍ത്തിരുന്നു. ഏപ്രില്‍ ഒന്നിന് നടന്ന പ്രത്യേക സെഷനില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ശക്തമായി നേരിട്ടത് പ്രതാപ് സിംഗായിരുന്നു. ഭരത് ഭൂഷന്‍ അശു ലുധിയാന വെസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ്. സംസ്ഥാനത്തെ നേതൃത്വത്തില്‍ ഹിന്ദു മുഖമെന്ന നേട്ടവുമായി.

അമരീന്ദറും സിദ്ദുവും പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ ഇരുപക്ഷവും പിടിക്കാതെ സ്വതന്ത്രമായി നിന്നയാളാണ് ഭരത് ഭൂഷണ്‍ അശു. ഡോ രാജ്കുമാര്‍ ചബ്ബേവാളാണ് ഇനി മുതല്‍ ദളിത് മുഖം. ചരണ്‍ജിത്ത് സിംഗ് ചന്നിയെ പാര്‍ട്ടി വേദികളില്‍ തന്നെ കാണാനില്ല. ഈ സാഹചര്യത്തില്‍ ചബ്ബേവാള്‍. ആരുടെയും പിന്തുണയില്ലാതെ വളര്‍ന്ന വന്ന നേതാവാണ് അദ്ദേഹം. 2009 മുതല്‍ കോണ്‍ഗ്രസില്‍നല്ല വളര്‍ച്ചയാണ് അദ്ദേഹത്തിന്. 2019ല്‍ സംവരണ മണ്ഡലമായ ഹോഷിയാര്‍പൂരില്‍ നിന്ന് പാര്‍ട്ടിയെ ഇയാളെ നിര്‍ത്തിയിരുന്നു. അതേസമയം ദോബ മേഖലയില്‍ നിന്നുള്ള ദളിത് നേതാവിനെ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇനി ദളിതുകളുടെ വോട്ട് കൂടി പിളര്‍ത്താനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications