ഭഗവന്ത് മന്‍ പാര്‍ലമെന്റിലെത്താറുള്ളത് മദ്യപിച്ചെന്ന് രാഹുല്‍ ഗാന്ധി; 'ലഹരി വിപത്ത് അവസാനിപ്പിച്ചോ?'
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ലഹരിമരുന്ന് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, പാര്‍ലമെന്റില്‍ ഒരുമിച്ച് ഉണ്ടായിരുന്നപ്പോള്‍ ഭഗവന്ത് മന്നില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം വരാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പഞ്ചാബില്‍ നടന്ന ഇന്‍സാഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മായം ചേര്‍ത്ത ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ വ്യാപകമായ ഉപയോഗം സംസ്ഥാനത്തുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എഎപി പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

'പല വര്‍ഷങ്ങള്‍ക്ക് മുമ്പ്, പഞ്ചാബില്‍ ലഹരിമരുന്ന് വ്യാപകമാകുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്ന് ബിജെപിയും അകാലി ദളും, രാഹുല്‍ ഗാന്ധിക്ക് പഞ്ചാബിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഈ ലഹരി ഭീഷണിയെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന്, മായം ചേര്‍ത്ത ഹെറോയിന്‍ സംസ്ഥാനത്തെ ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്ന് താന്‍ ജനങ്ങളോട് ചോദിച്ചപ്പോള്‍, ചിട്ട, സിന്തറ്റിക് ലഹരിമരുന്നുകള്‍, മരുന്നായി ഉപയോഗിക്കുന്ന ലഹരിവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് പ്രശ്‌നമാണ് എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങളായിരുന്ന കാലത്ത് ഭഗവന്ത് മന്നുമായുണ്ടായിരുന്ന അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ചു.
'ലോക്സഭയില്‍ അദ്ദേഹം (മന്‍) ഞങ്ങളോടൊപ്പം ഇരിക്കുമ്പോള്‍ തമാശകള്‍ പറയാറുണ്ടായിരുന്നു. രാവിലെ 11 മണിക്ക് തന്നെ അദ്ദേഹത്തില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം വരാറുണ്ടായിരുന്നു. ഭഗവന്ത് മന്‍ മദ്യം കഴിക്കരുതെന്ന് ഞാന്‍ പറയുന്നില്ല. അതദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ലഹരിമരുന്നിനെതിരെ പോരാടാന്‍ ആഗ്രഹിക്കുന്ന ഒരു മുഖ്യമന്ത്രിക്ക്, എല്ലാ വൈകുന്നേരവും ലഹരിയില്‍ കഴിയാന്‍ കഴിയില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു.
അധികാരത്തില്‍ വന്നാല്‍ പഞ്ചാബില്‍ നിന്ന് ലഹരിമരുന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന എഎപി സര്‍ക്കാരിന്റെ അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ജനങ്ങളും ഭഗവന്ത് മാനും നല്‍കിയ വിശ്വാസത്തിന്റെ പുറത്താണ് എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവര്‍ നല്‍കിയ വാഗ്ദാനം എന്തായിരുന്നു? പഞ്ചാബിലെ ലഹരിവിപത്ത് അവസാനിപ്പിക്കുമെന്നായിരുന്നു അത്.
എഎപിയോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. സംസ്ഥാനത്തിന്റെ ഏത് കോണില്‍ നിന്നാണ് നിങ്ങള്‍ ലഹരിമരുന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കിയത്?' അദ്ദേഹം ചോദിച്ചു. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ മനസിലാക്കുന്ന, ലഹരിവിപത്തിനെതിരെ പോരാടാന്‍ സന്നദ്ധനായ ഒരു നേതാവിനെയാണ് പഞ്ചാബിന് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമാണ് പഞ്ചാബ് സര്‍ക്കാരിന്റെ നിയന്ത്രണം കൈയാളുന്നതെന്നും, ഭഗവന്ത് മാനിന് കാര്യമായ അധികാരങ്ങളൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. 'ആഭ്യന്തര മന്ത്രിയോ ഡല്‍ഹിയിലെ മുന്‍ മുഖ്യമന്ത്രിയോ ഇടപെടാത്ത, പഞ്ചാബിന്റെ മണ്ണില്‍ നിന്നുള്ള ഒരു ഭരണമായിരിക്കും ഞങ്ങളുടേത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലഹരിമുക്തമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കുന്നതിനും കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. റാലിക്ക് തൊട്ടുമുമ്പ് തന്നെ വന്നു കണ്ട, കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസേവാലയെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. സിദ്ധു മൂസേവാല തന്നെ വന്ന് കണ്ടിരുന്നു എന്നും അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
'സംഗീതരംഗത്ത് കഴിവുതെളിയിച്ച അദ്ദേഹത്തിന് രാഷ്ട്രീയത്തിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമായിരുന്നുവെന്ന് താന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലേക്ക് പുതുതായി വന്ന ഒരാളെന്ന നിലയില്‍, അദ്ദേഹത്തിന് സുഖകരമായ ഒരന്തരീക്ഷം ഒരുക്കിക്കൊടുക്കണമെന്ന് എനിക്ക് തോന്നി. പഞ്ചാബിലെ ഏറ്റവും കഴിവുറ്റ ഗായകനായിരുന്ന അദ്ദേഹം, ഭാവിയില്‍ രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധ്യതയുള്ള ഒരാളായിരുന്നു,' അദ്ദേഹം പറഞ്ഞു.
പിന്നീട് താന്‍ മൂസേവാലയുടെ പാട്ടുകള്‍ കേള്‍ക്കുകയും, തന്റെ ഗാനങ്ങളിലൂടെ അദ്ദേഹം പഞ്ചാബിന് എങ്ങനെ ശബ്ദമേകിയെന്ന് തിരിച്ചറിയുകയും ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ' എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷാ സംവിധാനം എടുത്തുമാറ്റി. ഒടുവില്‍ ഒരു പകല്‍ വെളിച്ചത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു,' രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ദേശവിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 'എവിടെ വേണമെങ്കിലും വരൂ, എന്റെ കൂടെ ഇരിക്കൂ, നമുക്ക് സംവദിക്കാം,' അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സ്വതന്ത്രമായി സംസാരിക്കുന്നതില്‍ നിന്ന് ബിജെപി തന്നെ തടയുകയാണെന്നും, ചര്‍ച്ചകള്‍ക്കിടയില്‍ തന്റെ മൈക്ക് ഓഫ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.


Click it and Unblock the Notifications
