രാജിവെച്ച് പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്; രാഷ്ട്രപതിക്ക് കത്ത് കൈമാറി
ഡൽഹി: പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജി എന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച രാജിക്കത്തിൽ പറയുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്ട്രേറ്റര്‍ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.
ബില്ലുകൾ അംഗീകരിക്കുന്നതിലെ കാലതാമസത്തെച്ചൊല്ലി പഞ്ചാബിലെ ആം ആദ്മി സർക്കാരുമായുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബൻവാരിലാൽ രാജിവെച്ചിരിക്കുന്നത്. നേരത്തേ പഞ്ചാബ് നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിന് പുരോഹിതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം തുടരവെ തീ കൊണ്ടാണ് ഗവർണർ കളിക്കുന്നതെന്നായിരുന്നു പുരോഹിതിനോട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്.

മാത്രമല്ല നവംബർ 23 ന് ഹർജി വീണ്ടും പരിഗണിക്കവേയും സുപ്രീം കോടതി ഗവർണർക്കെതിരെ ആഞ്ഞടിച്ചിരുന്നു. സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്ക് സഭ പാസാക്കിയ ബിൽ അനിശ്ചിതകാലത്തേക്ക് അനുമതി നൽകാതെ പിടിച്ചുവെയ്ക്കാൻ സാധിക്കില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് നിയമനിർമ്മാണം തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications