പഞ്ചാബില്‍ ബിജെപിക്ക് കൂനിന്മേല്‍ കുരു: പ്രചരണത്തിന് എത്താതെ അമരീന്ദർ സിങ്
പട്യാല: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും അപ്രത്യക്ഷനായി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. സ്വന്തം തട്ടകമായ പട്യാലയിൽ വ്യാഴാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പോലും അമരീന്ദർ പങ്കെടുക്കാതിരുന്നത് വലിയ തോതില്‍ സംസ്ഥാനത്ത് ചർച്ചാ വിഷയവുമായിട്ടുണ്ട്. പട്യാലയില്‍ അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറാണ് ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്ത ആദ്യ റാലി കൂടിയായിരുന്നു പട്യാലയിലേത്. അസുഖമായതിനാൽ റാലിയിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച് ബുധനാഴ്ച മോദിക്ക് കത്തെഴുതിയിരുന്നുവെന്നാണ് അമരീന്ദറിൻ്റെ അടുത്ത സഹായിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയെ പിന്തുണച്ച് പട്യാലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യാൻ മോദിയോട് അഭ്യർത്ഥിച്ചത് അമരീന്ദർ ആണെന്നും അദ്ദേഹത്തിൻ്റെ സഹായി പറഞ്ഞു.

മെയ് 13 ന് പ്രണീത് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുമ്പോഴും അമരീന്ദറും ഒപ്പമുണ്ടായിരുന്നില്ല. അമരീന്ദരിന് സുഖമില്ലെന്നാണ് പട്യാല ലോക്‌സഭാ മണ്ഡലത്തിൻ്റെ പാർട്ടി ചുമതലയുള്ള പഞ്ചാബ് ബിജെപി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാളും അവകാശപ്പെടുന്നത്. 'പ്രണീത് കൗർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സമയത്താണ് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഡിസ്ചാർജ് ചെയ്തു. അദ്ദേഹം പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തുടർന്ന് അദ്ദേഹത്തിന് ഗ്യാസ്ട്രോഎൻറൈറ്റിസ് ബാധിച്ചു." ബാലിയവാൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ റാലിയില്‍ അദ്ദേഹം വേദിയിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ വന്ന് സംസാരിക്കാൻ പറ്റാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഴയ പട്യാല രാജകുടുംബത്തിൻ്റെ പിൻഗാമിയായ അമരീന്ദർ കോൺഗ്രസിന്റെ ശക്തനായ നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായിരുന്നു. കോൺഗ്രസിലായിരിക്കുമ്പോൾ, പഞ്ചാബിന് പുറമെ, അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലും പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കായി പ്രചരണം നയിച്ചുകൊണ്ട് അദ്ദേഹം പാർട്ടിയുടെ സ്റ്റാർ പ്രചാരകരുടെ പട്ടികയിൽ ഇടം പിടിക്കാറുമുണ്ടായിരുന്നു.
നിലവിൽ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ബിജെപി നേതാവാണ് അമരീന്ദർ. 2022 സെപ്തംബറിൽ തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിനെ പാർട്ടിയില്‍ ലയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിയുടെ ഭാഗമാകുന്നത്. 2022 ഫെബ്രുവരിയിലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതൃത്വം ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചതോടെയാണ് അമരീന്ദറും കോണ്‍ഗ്രസും തമ്മില്‍ ഇടയുന്നത്.
ദീർഘകാലം സഖ്യകക്ഷികളായിരുന്ന
സുഖ്ബീർ ബാദലിൻ്റെ നേതൃത്വത്തിലുള്ള മുൻ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ (എസ്എഡി) ഇല്ലാതെയാണ് ബിജെപി ഇത്തവണ പഞ്ചാബിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ കർഷകരുടെ പ്രതിഷേധം ബിജെപിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ അമരീന്ദർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതും ബിജെപിക്ക് തിരിച്ചടിയാണ്. സോഷ്യൽ മീഡിയയിലും അദ്ദേഹം മൗനം പാലിക്കുന്നത് പാർട്ടി വൃത്തങ്ങളിൽ കൂടുതൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും, പട്യാലയിൽ പ്രധാനമന്ത്രി മോദിയുടെ യോഗത്തിന് ശേഷം, പ്രധാനമന്ത്രിയുടെ റാലിയോട് മണ്ഡലം കാണിക്കുന്ന "അതിശക്തമായ സ്നേഹത്തിന്" അദ്ദേഹം നന്ദി പറഞ്ഞിരുന്നു.












Click it and Unblock the Notifications