പത്ത് ദിവസം ക്ലാസില്ല; അടച്ചിടാന്‍ ലൗലി സര്‍വകലാശാല, പരീക്ഷകള്‍ മാറ്റിവെച്ചു, എസ്‌ഐടി അന്വേഷണം
പഞ്ചാബിലെ ഫഗ്‌വാരയിലുള്ള ലൗലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരം ശക്തമായതിനെ തുടര്‍ന്ന് പത്ത് ദിവസം ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം. മിഡ് ടേം പരീക്ഷകള്‍ നീട്ടാനും തീരുമാനിച്ചു. പരീക്ഷകളുടെ തിയ്യതി പിന്നീട് അറിയിക്കും. ഇന്ന് മുതല്‍ 10 ദിവസം ക്ലാസുകള്‍ ഉണ്ടാകില്ല. വിദ്യാര്‍ഥിനി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന പ്രചാരണമുണ്ടായതോടെയാണ് പ്രതിഷേധം ശക്തമായത്.
വിദ്യാര്‍ഥികള്‍ വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് എന്നും ശാന്തരാകണം എന്നും സര്‍വകലാശാല ആവശ്യപ്പെട്ടു. പത്ത് ദിവസം ക്ലാസില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്ക് പോകാം. ക്യാമ്പസില്‍ തന്നെ തുടരുന്നവര്‍ താമസസ്ഥലത്തിന് പുറത്തിറങ്ങരുത്. സംഘര്‍ഷം നടക്കുന്ന മേഖലയില്‍ പോകരുത് എന്നും സര്‍വകലാശാല അറിയിച്ചു.

വിദ്യാര്‍ഥിനി ബലാല്‍സംഗം ചെയ്യപ്പെട്ടതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായത്. തുടര്‍ന്നാണ് വിദ്യര്‍ഥികള്‍ സംഘടിച്ചതും പ്രതിഷേധം തുടങ്ങിയതും. സര്‍വകലാശാലയില്‍ സമരക്കാര്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. വിദ്യാര്‍ഥിനിയെ പ്ലംബര്‍ ആണ് ബലാല്‍സംഗം ചെയ്തതെന്നും ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇന്നലെ രാവിലെയാണ് വിദ്യാര്‍ഥികള്‍ ഹൈവേ ഉപരോധിച്ചത്. ഇന്നലെ മൊത്തം ഗതാഗതം തടസപ്പെട്ടു. സമരക്കാരെ നീക്കാന്‍ പോലീസ് ശ്രമിച്ചതോടെ സംഘര്‍ഷമായി. പോലീസിന് നേരെ വിദ്യാര്‍ഥികള്‍ വെള്ളക്കുപ്പി എറിഞ്ഞു. പോലീസ് ലാത്തി വീശി. പോലീസ് വാഹനങ്ങള്‍ കത്തിച്ചു. ചില പോലീസുകാര്‍ക്ക് പരിക്കേറ്റു. കപുര്‍ത്തല, ജലന്ധര്‍ റൂറല്‍, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസിനെ ഇറക്കിയാണ് രംഗം ശാന്തമാക്കിയത്.
ബലാല്‍സംഗം നടന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് തെളിവുകളും ശേഖരിക്കും. ഹോസ്റ്റല്‍ സ്റ്റാഫില്‍ ഇനി മുതല്‍ വനിതകള്‍ മാത്രം മതി എന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. 15 ദിവസം മുമ്പ് തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ഥിനി ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യവും അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചു.
അതേസമയം, ബലാല്‍സംഗം നടന്നു എന്ന പ്രചാരണം തള്ളുകയാണ് സര്‍വകലാശാല. ഹോസ്റ്റലില്‍ യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ലെന്ന് ചില വിദ്യാര്‍ഥിനികള്‍ പറയുന്ന വീഡിയോ സര്‍വകലാശാല പുറത്തുവിട്ടു. സ്ഥാപനത്തിന്റെ കീര്‍ത്തി നശിപ്പിക്കാന്‍ ചില ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് സര്‍വകലാശാല സംശയിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു എന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ കുറ്റപ്പെടുത്തി.


Click it and Unblock the Notifications
