രഥോത്സവത്തിനിടെ ദുരന്തം; കലക്ടര്‍ക്കും എസ്പിക്കും സ്ഥലംമാറ്റം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്ര രഥോത്സവത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതിനെതുടര്‍ന്ന് കര്‍ശന നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ മുതിര്‍ന്ന പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് ജില്ലാ കലക്ടര്‍ സിദ്ധാര്‍ത്ഥ് എസ് സ്വെയ്ന്‍, എസ്പി ബിനിത് അഗര്‍വാള്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. പുരി ഡിസിപി ബിഷ്ണു ചരണ്‍ പതി, പൊലീസ് കമാന്‍ഡന്റ് അജയ് പാധി എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അടിയന്തര യോഗം ചേര്‍ന്ന് അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ അന്‍പതിലേറെ ഭക്തര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശ്രീ ഗുംഡിച ക്ഷേത്രത്തിനു സമീപം വച്ചാണ് ദുരന്തമുണ്ടായത്. രഥങ്ങളില്‍ മൂന്ന് ദേവതകളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍ തിരക്കേറിയ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് കാര്യങ്ങള്‍ വഷളായത്. നിരവധി ഭക്തരാണ് ദര്‍ശനത്തിനായി കാത്തുനിന്നിരുന്നത്. വിഐപികള്‍ക്കായി പുതിയ പ്രവേശന കവാടം സൃഷ്ടിച്ചതും ഭക്തര്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടാക്കി.
ഒഡീഷ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന നിയമമന്ത്രി ഹരിചന്ദന്‍ അറിയിച്ചു. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മാജി ജനങ്ങളോട് ക്ഷമാപണം നടത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇത്തരം വലിയ പരിപാടികളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വലിയ സുരക്ഷ ഒരുക്കേണ്ടതിന്റെ ഗൗരവമേറിയ ഓര്‍മ്മപ്പെടുത്തലാണ് പുരിയിലെ ദുരന്തമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജു ജനതാദള്‍ നേതാവും ഒഡീഷ മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലും പുരിയില്‍ 700 ലേറെ ഭക്തര്‍ക്ക് ക്ഷീണവും തിരക്കും മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. രഥം വലിക്കാന്‍ നിരവധി പേര്‍ ഒരുമിച്ച് എത്തിയതാണ് തിരക്ക് കൂടാന്‍ കാരണമായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ദശലക്ഷത്തിലേറെ ഭക്തരാണ് പുരി രഥയാത്രയില്‍ വര്‍ഷംതോറും പങ്കെടുക്കുന്നത്.












Click it and Unblock the Notifications