കരഞ്ഞ് കൊണ്ട് എന്നെ കാണാന്‍ വരരുത്... കൊന്ന് കളഞ്ഞേക്കണം, കൊലപാതക ആഹ്വാനവുമായി വിസി!!
ലഖ്‌നൗ: വിദ്യാര്‍ത്ഥികളോട് കൊലപാതകം നടത്താന്‍ ആഹ്വാനം ചെയ്ത് പൂര്‍വാഞ്ചല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. ആരെങ്കിലും തല്ലുണ്ടാക്കിയാല്‍ തല്ലിതീര്‍ക്കണം, ഇല്ലെങ്കില്‍ കൊല്ലുന്നതാണ് നല്ലതെന്നായിരുന്നു വിസിയുടെ പ്രസ്താവന. ഒരു പാറ തകര്‍ത്ത് അതില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാന്‍ കഴിയുന്നവരാണ് യുവാക്കള്‍. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. ജീവിതത്തില്‍ എടുക്കുന്ന ഏത് പുതിയ തീരുമാനവും അതേ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് അവനോ അവളോ ആയിക്കോട്ടെ, അവര്‍ പൂര്‍വാഞ്ചല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗാസിപൂരിലെ ഗാന്ധിപുരം സത്യദേവ് കോളേജില്‍ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം ഉണ്ടായത്. അതേസമയം കൊലപാതകം നടത്തിയാല്‍ അക്കാര്യം ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാമെന്നും വിസി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായി കഴിഞ്ഞ ദിവസം ഗാസിപൂരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം പ്രോത്സാഹിപ്പിച്ച് കൊണ്ടുള്ള വിസിയുടെ പ്രസ്താവന പുറത്തുവരുന്നത്. അതേസമയം വിസിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിസിയുടെ പദവിയിലിരുന്ന് വിദ്യാര്‍ത്ഥികളോട് പറയാന്‍ പറ്റിയ കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞതെന്നും, വിദ്യാര്‍ത്ഥികളെ ഗുണ്ടളാക്കാന്‍ പ്രേരിപ്പിക്കുകയാണ് അദ്ദേഹമെന്നും ശൈലേന്ദ്ര സിംഗ് പറഞ്ഞു.












Click it and Unblock the Notifications