അല്ലുവിന്റെ അറസ്റ്റ്: തെലങ്കാന പൊലീസിനെ കുറ്റപ്പെടുത്താതെ പവന്‍ കല്യാണ്‍, രേവന്തിന് കൈയടി
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരായ നടപടിയില്‍ തെലങ്കാന പൊലീസിനെ കുറ്റപ്പെടുത്താന്‍ വിസമ്മതിച്ച് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പൊലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും ആയിരുന്നു പവന്‍ കല്യാണിന്റെ പ്രതികരണം.
എന്‍ ഡി എ സഖ്യകക്ഷിയായ ജനസേന പാര്‍ട്ടിയുടെ നേതാവ് കൂടിയായ പവന്‍ കല്യാണ്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ പുകഴത്താനും മറന്നില്ല. മഹാനായ നേതാവ് എന്നാണ് രേവന്തിനെ പവന്‍ കല്യാണ്‍ വിശേഷിപ്പിച്ചത്. തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തെ അല്ലു അര്‍ജുന്‍ നേരത്തെ സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'അല്ലു അര്‍ജുനു വേണ്ടി ഇരയുടെ കുടുംബത്തെ ആരെങ്കിലും നേരത്തെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ഈ സംഭവത്തില്‍ രേവതിയുടെ മരണം എന്നെ വല്ലാതെ ഞെട്ടിച്ചു. ഇതിനകം ഒരാളുടെ നഷ്ടപ്പെട്ടതിനെ അതിലും വലിയ ദുരന്തമാക്കി അവര്‍ മാറ്റി. കുടുംബത്തെ സഹായിക്കാന്‍ ഞങ്ങളെല്ലാം ഇവിടെയുണ്ട് എന്ന് നേരത്തെ അറിയിക്കണമായിരുന്നു. സംഭവിച്ച തെറ്റില്‍ പശ്ചാത്താപം ഉണ്ടാകണമായിരുന്നു,' അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ വ്യക്തമായ മനുഷ്യത്വമില്ലായ്മയുണ്ട് എന്നും എല്ലാവരും രേവതിയുടെ വീട്ടില്‍ പോയി അനുശോചനം അറിയിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമ ഒരു കൂട്ടായ്മയുടെ ഭാഗമാണെന്നും സംഭവത്തിന് അല്ലു അര്‍ജുനെ മാത്രം ഉത്തരവാദിയാക്കുന്നതില്‍ ന്യായീകരണമില്ല എന്നും പവന്‍ കല്യാണ്‍ പറഞ്ഞു. സംഭവവികാസങ്ങളോട് മുഖ്യമന്ത്രി എന്ന നിലയില്‍ രേവന്ത് റെഡ്ഡി ഉചിതമായി പ്രതികരിച്ചു.
എളിമയില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവെന്നാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്. നിയമപാലകര്‍ പൊതു സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'നിയമം എല്ലാവര്‍ക്കും തുല്യമാണ്. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നില്ല, അവര്‍ പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പ്രവര്‍ത്തിക്കുന്നത്.
തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ പശ്നങ്ങള്‍ നേരത്തെ അറിയിക്കേണ്ടതായിരുന്നു,' പവന്‍ കല്യാണ്‍ പറഞ്ഞു. അല്ലു അര്‍ജുനുമായി വ്യക്തി ബന്ധമുള്ള ആളാണ് പവന്‍ കല്യാണ്‍. പവന്‍ കല്യാണിന്റെ ജ്യേഷ്ഠനായ പ്രശസ്ത നടന്‍ ചിരഞ്ജീവിയുടെ ഭാര്യ സുരേഖ അല്ലു അര്‍ജുന്റെ അമ്മായിയാണ്.












Click it and Unblock the Notifications