പുടിനും ഷിയും മോദിയുടെ സുഹൃത്തുക്കള്‍; താരിഫ് തര്‍ക്കത്തിനിടെ ട്രംപ് മോദിയെക്കുറിച്ച് പറഞ്ഞത്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ പൊതു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. നരേന്ദ്ര മോദി അസാധ്യമായതിനെ സാധ്യമാക്കുന്ന നേതാവാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ ആഗോള നേതാക്കളുമായി അടുത്ത സൗഹൃദമാണ് നമ്മുടെ പ്രധാനമന്ത്രി പുലര്‍ത്തുന്നതെന്നും സിപി രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാരമായി ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം അധിക താരിഫ് ചുമത്തിയെങ്കിലും മോദി തന്റെ ഉറ്റസുഹൃത്തെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താന്‍ ഏറ്റവും കഴിവുള്ള നേതാവാണ് മോദിയെന്നും സിപി രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ 50 ശതമാനം തീരുവ ചുമത്തിയെങ്കിലും മോദി എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് ട്രംപ് പറയുന്നത്. മോദിയെയോ അദ്ദേഹത്തിന്റെ നിലപാടുകളെയോ എതിര്‍ക്കുന്നുവെന്ന് ട്രംപ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സിപി രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.
ലോക നേതാക്കള്‍ പരസ്പരമുള്ള ആശയ ഭിന്നതകള്‍ക്കിടയിലും മോദി ഈ രാഷ്ട്രത്തലവന്മാരുമായി പുലര്‍ത്തുന്ന സൗഹൃദത്തെ കുറിച്ചും ഉപരാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുത്ത സുഹൃത്താണ്. അതുപോലെ ട്രംപിന്റെയും സുഹൃത്താണ്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി മികച്ച വ്യക്തി ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്ത്യയ്ക്ക് മുന്‍പ് കൈവരിക്കാന്‍ ആകില്ലെന്ന് കരുതിയിരുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ സൗഹൃദങ്ങള്‍ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഫലമായി ഒന്നും ആഗ്രഹിക്കാതെയാണ് മോദി ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്നത്. പ്രധാനമന്ത്രി ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മറ്റു രാജ്യങ്ങളോട് നിബന്ധനകള്‍ വയ്ക്കാനല്ല, മറിച്ച് മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആധിപത്യത്തിലൂടെ അല്ല മറിച്ച് ലോക ക്ഷേമത്തിനു മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യ ആഗോള ശക്തിയായി മാറിയത്. ദരിദ്ര രാഷ്ട്രങ്ങള്‍ക്കു മേല്‍ നിബന്ധനകള്‍ നിര്‍ദേശിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ പറഞ്ഞു. എച്ച്-1ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതിന് പിന്നാലെ മോദിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്നായിരുന്നു മോദിയുടെ വിമര്‍ശനം.












Click it and Unblock the Notifications