ഖത്തര്‍ ഇനി ബംഗാളിലേക്ക് മാറുമോ? കണ്ടെത്തിയത് വന്‍ പ്രകൃതി വാതക ശേഖരം, വരുന്ന മാറ്റം ഇങ്ങനെ
ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ പോലെ ഇന്ത്യയ്ക്ക് ആവശ്യമുള്ളതാണ് പ്രകൃതി വാതകം (എല്‍എല്‍ജി). ആവശ്യമുള്ളതിന്റെ വലിയൊരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ലോകത്ത് കൂടുതല്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഖത്തറില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ വാതകം ഇറക്കുന്നത്. പിന്നെ യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും.
അടുത്ത കാലത്തായി ഇന്ത്യ പ്രകൃതി വാതകത്തിനായി കൂടുതല്‍ രാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. ഖത്തറുമായി ഇന്ത്യയ്ക്കുള്ളത് ദീര്‍ഘകാല കരാറാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ളതിനാല്‍ ഖത്തറുമായുള്ള ഇടപാട് വളരെ എളുപ്പവുമാണ്. എങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടാല്‍ പ്രതിസന്ധി നേരിടും. ഈ സാഹചര്യത്തില്‍ കൂടിയാണ് ബംഗാളില്‍ നിന്നുള്ള പുതിയ വാര്‍ത്ത സന്തോഷം പകരുന്നത്...

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ 40 ശതമാനം ഖത്തറില്‍ നിന്നാണ്. വര്‍ഷത്തില്‍ 11.4 ദശലക്ഷം മെട്രിക് ടണ്‍ വാതകമാണ് ഖത്തര്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തറുമായുള്ള വാതക കരാര്‍ ഇന്ത്യ പുതുക്കിയിരുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ വാതക ഇറക്കുമതി വന്‍തോതില്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തിലാണ് ബംഗാളില്‍ നിന്നുള്ള പുതിയ വിവരത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. രണ്ട് സ്ഥലങ്ങളില്‍ നടത്തിയ പര്യവേക്ഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ്, നാദിയ ജില്ലകളില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് വാതകം കണ്ടെത്തിയത്.
വാതക ഖനനത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ
നോര്‍ത്ത് 24 പര്‍ഗാനാസിലെ കങ്ക്പൂള്‍ ഒന്നില്‍ ഒഎന്‍ജിസി നടത്തിയ പര്യവേക്ഷണത്തിന്റെ ഭാഗമായി 2730 മീറ്റര്‍ വരെ ആഴത്തില്‍ പരിശോധിച്ചപ്പോഴാണ് വാതകം കണ്ടെത്തിയത്. വരുന്ന ഒക്ടോബര്‍ വരെ തുടര്‍ പരിശോധനകള്‍ ആവശ്യമാണ്. അതേസമയം, നാദിയയിലെ റാണഘട്ട് രണ്ടില്‍ 2719 മീറ്റര്‍ വരെ ആഴത്തില്‍ പരിശോധിച്ചപ്പോള്‍ വാതകം കണ്ടെത്തി. ഇവിടെ 2017 വരെ പരിശോധന വേണ്ടി വരും.
പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനാസ്, നാദിയ ജില്ലകളില്‍ മാത്രമല്ല, മുര്‍ഷിദാബാദ്, ബര്‍ദ്വാന്‍ ജില്ലകളിലും ഒഎന്‍ജിസി പരിശോധനകള്‍ നടത്തുന്നുണ്ട്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും ഇവിടെ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ പണം കൂടുതല്‍ വിദേശത്തേക്ക് പോകുന്നത് എണ്ണ-വാതകം എന്നിവയുടെ ഇറക്കുമതിക്ക് വേണ്ടിയാണ്. ഇക്കാര്യത്തില്‍ പരിഹാരം കാണണം എങ്കിലും ആഭ്യന്തരമായ ഉല്‍പ്പാദനം നടക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്.
ഖത്തര്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ-വാതക ഇറക്കുമതി അടുത്തിടെ പ്രതിസന്ധി നേരിട്ടിരുന്നു. ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധമുണ്ടായപ്പോഴായിരുന്നു ഇത്. യുദ്ധതന്ത്രത്തിന്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. ഇത്തരം ഘട്ടത്തില്‍ വില കുതിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഊര്‍ജ ഇറക്കുമതിയുടെ കാര്യത്തില്‍ വൈവിധ്യവല്‍ക്കരണവും ആഭ്യന്തര ഉല്‍പ്പാദനവും സജീവമാക്കുന്നത്.












Click it and Unblock the Notifications