ആന്‍ഡമാന്‍ ഇന്ത്യയുടെ ഖത്തർ ആകുമോ? എല്‍എന്‍ജിയുടെ നിർണ്ണായക കണ്ടെത്തല്‍
ക്രൂഡ് ഓയില്‍ പോലെ തന്നെ രാജ്യത്തിന് ആവശ്യമായ ദ്രവീകൃത പ്രകൃതിഗ്യാസിന്റെ (LNG) ബഹുഭൂരിപക്ഷവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎസ് ശക്തമായ സാന്നിധ്യം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരമ്പരാഗത വ്യാപാര പങ്കാളികളായ ഖത്തറാണ് ഇപ്പോഴും ഇന്ത്യയിലേക്ക് കൂടുതല്‍ എല്‍ എന്‍ ജി ഇറക്കുമതി ചെയ്യുന്നത്.
2030-ഓടെ രാജ്യത്തിന്റെ എല്‍ എന്‍ ജി ആവശ്യകത 60 ശതമാനം വർധിക്കുമെന്നുമാണ് കണക്കുകള്‍ പറയുന്നത്. അത്തരമൊരു ഘട്ടത്തില്‍ ഇറക്കുമതി ചിലവ് വലിയ തോതില്‍ വർധിക്കും. ഈ സാഹചര്യത്തിലാണ് രാജ്യത്തിന് സന്തോഷം പകർന്നുകൊണ്ട് ആന്‍ഡമാന്‍ തീരത്ത് എല്‍ എന്‍ ജി സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.

ആന്‍ഡമാന്‍ കടലിലെ ഓഫ്‌ഷോർ ബ്ലോക്കിൽ നാച്വറൽ ഗാസ് കണ്ടെത്തിയെന്ന വിവരം പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡാണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയപുരം-2 എന്ന പുതിയ ബോറിങ് കിണറിലാണ് എല്‍ എന്‍ ജി സാന്നിധ്യം സ്ഥിരീകരിച്ചത്. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് 17 കിലോമീറ്റർ അകലെയാണ് ബോറിങ് നടന്നത്. 295 മീറ്റർ ആഴമുള്ള കടൽജലത്തിൽ സ്ഥിതി ചെയ്യുന്ന ഈ കിണർ 2,650 മീറ്റർ ആഴത്തില്‍ വരെ പര്യവേക്ഷണം നടത്തി.
2,212 മുതൽ 2,250 മീറ്റർ വരെ ആഴത്തിലെ പ്രാരംഭ ഉൽപാദന പരീക്ഷണങ്ങളിലാണ് (ഡ്രിൽ സ്റ്റെം ടെസ്റ്റിങ്) നാച്വറൽ ഗാസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശേഖരിച്ച ഗാസ് സാമ്പിളുകളിൽ 87 ശതമാനം മീഥെയിൻ ഉള്ളതായി കാകിൻഡയിലെ ലാബോറട്ടറി പരിശോധനകൾ തെളിഞ്ഞു. പുതിയ കണ്ടെത്തല്‍ ഇന്ത്യയുടെ ആഭ്യന്തര ഊർജ്ജ ഉൽപാദനം വർധിപ്പിക്കാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.
വാർത്ത കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയും സ്ഥിരീകരിച്ചു. "ആന്‍ഡമാല്‍ കടലിൽ ഊർജ്ജ അവസരങ്ങളുടെ ഒരു സമുദ്രം തുറക്കുന്നു." അദ്ദേഹം പറഞ്ഞു. ഗയാനയിലെ പ്രശസ്തമായ സ്റ്റാബ്രോക് ഫീൽഡ് പോലെ വലിയ തോതിലുള്ള ഊർജ്ജ റിസർവുകൾക്ക് ഇന്ത്യയിലും സാധ്യതയുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് ഒരു നാഴികക്കല്ലാണ്. ആന്‍ഡമാന്‍ നമ്മുടെ ഊർജ്ജ മേഖലയുടെ ഭാവി തീരുമാനിക്കുന്ന ഒരു പ്രധാന ഭാഗമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു," മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications