കോർപറേറ്റ് ജോലി രാജി വെച്ച് ഡ്രൈവറായി, മാസം സമ്പാദിക്കുന്നത് ലക്ഷത്തിലേറെ, വൈറലായി പോസ്റ്റ്
കോർപറേറ്റ് ജോലിയുടെ സമ്മർദ്ദം താങ്ങാനാകാതെ യുവാക്കൾ രാജി വെച്ച് സ്വയം തൊഴിലുകളിലേക്ക് കടക്കുന്നത് പുതിയ സംഭവമല്ല. കൂടുതൽ പണം എന്നതിനേക്കാളും കൂടുതൽ സമാധാനവും സന്തോഷവും എന്നതാണ് ഈ തലമുറയിലെ യുവാക്കൾ തിരഞ്ഞെടുക്കുന്നത്.
അത്തരത്തിൽ കോർപറേറ്റ് ജോലി രാജി വെച്ച് സ്വയം തൊഴിൽ ആരംഭിച്ച് മാസത്തിൽ ഒരു ലക്ഷത്തിലേറെ രൂപ സമ്പാദിക്കുന്ന യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജോലി രാജി വെച്ച് കാർ ഡ്രൈവറായി മാറുകയായിരുന്നു ഈ യുവാവ്.
ഒരു യാത്രയ്ക്കിടെ ഇദ്ദേഹവുമായി സംസാരിച്ച ഒരു യാത്രക്കാരൻ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ കഥ പുറംലോകം അറിയുന്നത്. മുൻപ് ഒരു പ്രശസ്ത കമ്പനിയിൽ പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഈ യുവാവ്. എന്നാൽ ആ ശമ്പളം കൊണ്ട് ഡൽഹി പോലുള്ള ഒരു മെട്രോ നഗരത്തിൽ കുടുംബത്തോടൊപ്പം മാന്യമായി ജീവിക്കുക എന്നത് കഠിനമായിരുന്നു. അതോടൊപ്പം തന്നെ കോർപ്പറേറ്റ് ജോലിയിലെ കടുത്ത സമ്മർദ്ദവും സമയക്രമങ്ങളും അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഒടുവിൽ, മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതാണെന്ന തീരുമാനത്തിൽ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു.

ജോലി ഉപേക്ഷിച്ച ശേഷം അദ്ദേഹം സ്വന്തമായി ഒരു കാർ വാങ്ങുകയും ക്യാബ് ഡ്രൈവറായി മാറുകയും ചെയ്തു. ഇന്ന് അദ്ദേഹം പ്രതിമാസം ഒരു ലക്ഷം രൂപയിലധികം വരുമാനം നേടുന്നുണ്ട്. ഈ പുതിയ ജോലിയുടെ ഏറ്റവും വലിയ പ്രത്യേകതയായി അദ്ദേഹം പറയുന്നത് സ്വാതന്ത്ര്യം ആണ്. ഇവിടെ തനിക്ക് മുകളിൽ ഉത്തരവുകൾ നൽകാൻ ഒരു ബോസ് ഇല്ലെന്നും, എപ്പോൾ ജോലി ചെയ്യണം, എപ്പോൾ വിശ്രമിക്കണം എന്ന് പൂർണ്ണമായും സ്വയം തീരുമാനിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം സന്തോഷത്തോടെ പങ്കുവെക്കുന്നു.
വെറുമൊരു ഡ്രൈവർ എന്നതിനപ്പുറം വളരെ മികച്ച സാമ്പത്തിക അച്ചടക്കമുള്ള വ്യക്തിയാണ് ഇദ്ദേഹം. തന്റെ വരുമാനം കൃത്യമായി കൈകാര്യം ചെയ്യാൻ അദ്ദേഹം ചില തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. കാർ വാങ്ങാനായി എടുത്ത ലോണിന്റെ പ്രതിമാസ അടവ് വളരെ കൃത്യമായി അടച്ചു തീർക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
സമ്പാദിക്കുന്ന പണം വെറുതെ ബാങ്കിൽ സൂക്ഷിക്കാതെ, ഭാവി സുരക്ഷിതമാക്കാൻ പ്രതിമാസം 15000 രൂപ വീതം മ്യൂച്വൽ ഫണ്ടുകളിൽ അദ്ദേഹം നിക്ഷേപിക്കുന്നുണ്ട്. തന്റെ മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത പ്രധാന ലക്ഷ്യം.














Click it and Unblock the Notifications