കണ്ണുതള്ളിക്കും അശ്വിന്റെ ആസ്തി, ബിസിസിഐ ഒരു വര്‍ഷം കൊടുക്കുന്നത് കോടികള്‍; ഐപിഎല്‍ ശമ്പളം കേട്ടോ!?
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ പല വിജയങ്ങളും നിര്‍ണായകമായത് അശ്വിന്റെ പ്രകടനമായിരുന്നു, പ്രത്യേകിച്ച് ടെസ്റ്റില്‍. ഓസ്ട്രേലിയയില്‍ നടന്ന ഗാബ്ബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പ്ലെയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന അശ്വിന്‍ മത്സരം നിര്‍ത്തിയതിന് തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ വിരമിക്കല്‍ തീരുമാനം അറിയിക്കുകയായിരുന്നു. 2011 ലോകകപ്പ് നേടിയ ഏകദിന ടീമില്‍ അശ്വിന്‍ അംഗമായിരുന്നു. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളറുമാണ് അശ്വിന്‍. അശ്വിന്റെ ആസ്തി, ഐപിഎല്‍ ശമ്പളം എന്നിവ പരിശോധിക്കാം.

2024 ലെ കണക്കനുസരിച്ച് അശ്വിന്റെ ആസ്തി ഏകദേശം 16 മില്യണ്‍ ഡോളര്‍ ആണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് 132 കോടി രൂപ! അന്താരാഷ്ട്ര, ദേശീയ മത്സരങ്ങള്‍, ഐപിഎല്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് കരിയറില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം വരുന്നത്. ഇതിന് പിന്നാലെ പരസ്യവരുമാനങ്ങളിലൂടേയും വലിയൊരു തുക താരം സമ്പാദിക്കുന്നുണ്ട്.
2022-23 സീസണില്‍ അശ്വിനെ ബിസിസിഐ ഗ്രേഡ് എയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് പ്രകാരം അശ്വിന് വാര്‍ഷിക ശമ്പളമായി അഞ്ച് കോടി രൂപയാണ് ലഭിക്കുന്നത്. 2008-ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലൂടെയാണ് അശ്വിന്റെ ഐപിഎല്‍ യാത്ര ആരംഭിച്ചത്. എങ്കിലും 2010 ന് ശേഷമാണ് താരം ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2016-ല്‍ സിഎസ്‌കെയുടെ സസ്‌പെന്‍ഷനുശേഷം, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് അദ്ദേഹത്തെ സ്വന്തമാക്കി.
2018 ല്‍ അശ്വിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് 7.6 കോടി രൂപയ്ക്ക് സ്വന്തമാക്കി ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരുന്നു. 2024 ല്‍ അഞ്ച് കോടി രൂപ പ്രതിഫലത്തിലാണ് അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചത്. 2025 ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ അശ്വിന്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മടങ്ങിയെത്തുകയാണ്. മെഗാ ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് സിഎസ്‌കെ അശ്വിനെ സ്വന്തമാക്കിയത്.
തന്റെ ആസ്തിയിലെ 84 കോടിയും ഐപിഎല്ലിലൂടേയാണ് താരം സ്വന്തമാക്കിയത്. കളിക്കളത്തിന് പുറത്ത് പരസ്യങ്ങളിലൂടെ വലിയൊരു തുക അദ്ദേഹം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു എന്‍ഡോഴ്സ്മെന്റ് ഡീലിന് ഏകദേശം 4.5-5 കോടി രൂപയാണ് അദ്ദേഹം ഈടാക്കുന്നത്. സൂംകാര്‍, മൂവ്, മിന്ത്ര, മന്ന ഹെല്‍ത്ത്, ബോംബെ ഷേവിംഗ് കമ്പനി, ഓപ്പോ, അരിസ്റ്റോക്രാറ്റ് ബാഗുകള്‍, കോള്‍ഗേറ്റ് എന്നിവയുമായി അശ്വിന്‍ സഹകരിക്കുന്നുണ്ട്.
2021-ല്‍ അദ്ദേഹം ചെന്നൈയില്‍ ഒരു ആഡംബര വീട് വാങ്ങിയിരുന്നു. ഭാര്യ പൃഥി അശ്വിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമാണ് അശ്വിന്റെ താമസം. ചില റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ആഡംബര കാറുകളുടെ വലിയൊരു ശേഖരം താരത്തിനുണ്ട്. അശ്വിന്റെ കാര്‍ ശേഖരത്തില്‍ 6 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സും 93 ലക്ഷം രൂപ വിലയുള്ള ഓഡി ക്യു 7 ഉം ഉണ്ട്.
106 ടെസ്റ്റുകളില്‍ നിന്ന് 24 ശരാശരിയില്‍ 537 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകള്‍ നേടിയ അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന് മുന്നില്‍. ബൗളിംഗിലെ മികച്ച പ്രകടനത്തിന് പിന്നാലെ ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3503 റണ്‍സാണ് അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്. ഇതോടെ 3000 റണ്‍സും 300 വിക്കറ്റും പിന്നിട്ട 11 ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായും അദ്ദേഹം മാറി. ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ മുത്തയ്യ മുരളീധരനൊപ്പമാണ് അശ്വിന്‍.












Click it and Unblock the Notifications